Top News

ക്ഷേത്ര കുംഭാഭിഷേകം; സന്ന്യാസി സംഘത്തെ സ്വീകരിച്ച് മുസ്ലീം ജമാഅത്ത് കമ്മിറ്റിയും ക്രിസ്ത്യൻ പുരോഹിതരും

ചെന്നൈ: തമിഴ്നാട്ടിലെ  തൃക്കടയൂരിൽ നിന്ന് മതേതര സൗഹാ‍ർദ്ദത്തിന്‍റെ ഒരു നല്ല മാതൃക. അമൃതകണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോകുന്ന സന്ന്യാസി സംഘത്തിന് മുസ്ലീം ജമാ അത്ത് കമ്മിറ്റിയും ക്രിസ്ത്യൻ പുരോഹിതരും ചേർന്നൊരുക്കിയ സ്വീകരണമാണ് ശ്രദ്ധേയമായത്.[www.malabarflash.com] 

ഈ മാസം 27നാണ് പ്രസിദ്ധമായ തൃക്കടയൂർ അഭിരാമി അമ്മൻ അമൃത കണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകം. ചടങ്ങിനായി കാരയ്ക്കലിലെ ധർമപുരം അഥീന മഠത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് പദയാത്രയായി പോകുന്ന ഗുരുലിംഗം സന്ന്യാസി സംഘത്തിന് നാനാ ജാതിമതസ്ഥർ ചേർന്ന് സ്വീകരണം നൽകി. ധർമപുരം അഥീനം മഠാധിപതിയുടെ നേതൃത്വത്തിലുള്ള സന്യസ്ഥ സംഘത്തെയാണ് ജമാ അത്ത് കമ്മിറ്റിയും ക്രിസ്ത്യൻ പുരോഹിതരും ചേർന്ന് സ്വീകരിച്ചത്.

പദയാത്ര ആക്കൂർ ജമാഅത്ത് പള്ളിക്ക് മുന്നിലെത്തിയപ്പോൾ പള്ളിക്കമ്മിറ്റി ദുആ ചെയ്താണ് വരവേറ്റത്. ജമാ അത്ത് ഭാരവാഹികളും മഠാധിപതിയും അന്നോന്ന്യം പൊന്നാടകളണിയിച്ച് ആദരം പങ്കിട്ടു. തുടർന്ന് പദയാത്രാസംഘത്തിന് പള്ളിമുറ്റത്ത് ഒട്ടുനേരം വിശ്രമം. പിന്നീട് ട്രിനിറ്റി ഇവാഞ്ചലിക്കൽ ഥുഫേറിയൻ ചർച്ചിലെ വൈദികരുടേയും ദേവാലയത്തിന്‍റേയും വക കുടിവെള്ളവും ഭക്ഷണവും പദയാത്രാസംഘത്തിന് നൽകി. ആക്കൂർ ധാന്തോൻട്രീസ്വര ക്ഷേത്രം അധികൃതർ പൂർണകുംഭം നൽകിയും സ്വീകരിച്ചു. 

മതവിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് വേർതിരിവിന്‍റെ മതിലുകളെ മനുഷ്യർ പൊളിച്ചുകളയുന്ന നല്ല സന്ദേശം. ഇന്ന് രാത്രിയോടെ പദയാത്രാ സംഘം തൃക്കടയൂർ ക്ഷേത്രത്തിലെത്തും.

Post a Comment

Previous Post Next Post