Top News

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. ഹൃദ്രോഗ ചികിത്സയിലിരിക്കെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിലായിരുന്നു അന്ത്യം.[www.malabarflash.com]


1977ല്‍ കഴക്കൂട്ടത്ത് നിന്നാണ് തലേക്കുന്നിൽ ബഷീർ നിയമസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്ന് രണ്ടു തവണ (1984, 1989) ലോക്സഭാംഗമായി. എ.കെ. ആന്‍റണിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി എം.എൽ.എ സ്ഥാനം രാജിവെച്ചു.

1945ൽ തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർഥി കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി അധ്യക്ഷൻ അടക്കം നിരവധി പദവികൾ വഹിച്ചു. 1972 മുതൽ 2015വരെ കെ.പി.സി.സി നിർവാഹക സമിതിയംഗമായിരുന്നു.

ചലച്ചിത്ര താരം പ്രേം നസീറിന്‍റെ സഹോദരിയും പരേതയുമായ സുഹ്റയാണ് ഭാര്യ. വിദേശത്തുള്ള മകൻ വന്ന ശേഷം മറ്റന്നാളായിരിക്കും കബറടക്കം. മൃതദേഹം ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post