NEWS UPDATE

6/recent/ticker-posts

'അത് മനഃപൂര്‍വ്വമല്ല'; എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ നിന്നും എന്‍എ നെല്ലിക്കുന്നിന്റെ പേര് ഒഴിവാക്കിയതില്‍ വിശദീകരണം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതനിരവാരണ ജില്ലാതല സെല്ലില്‍ നിന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പേര് ഒഴിവാക്കിയതില്‍ വിശദീകരണവുമായി സാമൂഹിക നീതി മന്ത്രിയുടെ ഓഫീസ്. പേരൊഴിവാക്കിയത് മനഃപൂര്‍വ്വമല്ലെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. പേര് വിട്ടുപോയതാണെന്നും ഇത് മനഃപൂര്‍വ്വമല്ലെന്നും മന്ത്രി.[www.malabarflash.com]
  
ഇക്കാര്യത്തില്‍ എംഎല്‍എയോട് നേരിട്ട് സംസാരിച്ച് വ്യക്തത വരുത്തിയതായും മന്ത്രി പറഞ്ഞു. എംഎല്‍എയുടെ പേര് ഉള്‍പ്പെടുത്തി ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിച്ചതായും വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച ജില്ലാതല സെല്‍ പുനഃസംഘടിപ്പിച്ചിരുന്നു. തദ്ദേശസ്വയംഭരണ- എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ ചെയര്‍മാനായ സെല്ലില്‍ ജില്ലയിലെ എല്ലാ എംഎല്‍എമാരും അംഗങ്ങളാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

തന്നെ സെല്ലില്‍ നിന്നും ഒഴിവാക്കിയത് പ്രതികാര നടപടിയാണെന്ന് എംഎല്‍എ ആരോപിച്ചിരുന്നു. 'ദുരിത ബാധിതര്‍ക്കായി നിയമസഭയ്ക്ക് അകത്തും പുറത്തും ഇടപെടല്‍ നടത്തിയ തന്നെ ഒഴിവാക്കി'. സര്‍ക്കാര്‍ തീരുമാനങ്ങളെ ചോദ്യം ചെയ്താല്‍ ഇതായിരിക്കുമവസ്ഥയെന്നും സെല്ലില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments