Top News

കാസര്‍കോട്ട് തുറക്കാത്ത ജ്വല്ലറിയുടെ പേരില്‍ പണം തട്ടി; വനിതാ നേതാവിന് നഷ്ടമായത് മൂന്ന് കോടി

മലപ്പുറം
: മലപ്പുറം ജില്ലയില്‍ മലയോര മേഖല കേന്ദ്രീകരിച്ച് നടന്ന പണമിടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികളെത്തുന്നു.കാസര്‍കോട്ട് തുറക്കാത്ത ജ്വല്ലറിയുടെ പേരില്‍ കാളികാവ് ഉദരംപൊയില്‍ സ്വദേശിയുടെ നേതൃത്വത്തില്‍നടന്ന തട്ടിപ്പില്‍ ഒരു വനിതാ നേതാവിനു മൂന്നുകോടി രൂപ നഷ്ടമായെന്ന പരാതിയാണ് ഒടുവില്‍ പുറത്തുവന്നത്.[www.malabarflash.com]

ഒരു കോടിരൂപ സ്വന്തംസമ്പാദ്യവും രണ്ടു കോടി ബന്ധുക്കളില്‍നിന്ന് സമാഹരിച്ചതുമാണ് നഷ്ടമായതെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ കേസില്‍ വന്‍തട്ടിപ്പാണ് നടന്നതെന്നു സൂചനയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് പണം നഷ്ടപ്പെട്ടതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. കാളികാവ് ഉദരംപൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലാണ് തട്ടിപ്പു നടത്തിയത്. കാസര്‍കോട്ടെ തുറക്കാത്ത ജ്വല്ലറി കാണിച്ച് പണമിടപാട് അവിടെയാണു നടന്നത് എന്നതിനാല്‍ ഇവിടെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.

പണമിടപാടിന് നേതൃത്വംനല്‍കിയവര്‍ ഇപ്പോള്‍ ദുബായിലുമാണ്. ഇതിലെ നിക്ഷേപകരില്‍ ഭൂരിഭാഗവും വീട്ടമ്മമാരും യുവാക്കളുമാണ്.ഇതുകൂടാതെ രണ്ടുതട്ടിപ്പുകള്‍കൂടി മലയോരമേഖലയില്‍ അരങ്ങേറിയിട്ടുണ്ട്. പൂക്കോട്ടുംപാടം സ്വദേശി നടത്തിയ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ 1500 കോടിയിലേറെ രൂപ, തട്ടിപ്പു സംഘത്തിന് നേതൃത്വം നല്‍കിയയാളുടെ ബാങ്ക് അക്കൗണ്ടിലെത്തിയതായി വിവരമുണ്ട്.

കാളികാവ്, കരുവാരക്കുണ്ട്, പൂക്കോട്ടുംപാടം തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.തലശ്ശേരി കേന്ദ്രീകരിച്ചു നടന്ന പണമിടപാടാണ് മറ്റൊന്ന്. ഇതില്‍ ചോക്കാട് കല്ലാമൂല സ്വദേശികള്‍ക്ക് ഭീമമായ തുക നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടവരുടെ 20 പരാതികള്‍ കാളികാവ് പോലീസ് സ്റ്റേഷനില്‍മാത്രം ലഭിച്ചിട്ടുണ്ട്.ആദ്യമൊക്കെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് വലിയ തുക തിരികെക്കൊടുത്താണ് തട്ടിപ്പുകാര്‍ വലവിരിച്ചതെന്ന് പോലീസ് പറയുന്നു.

വിശ്വാസ്യത തോന്നിയ ഇടപാടുകാര്‍ ലാഭവിഹിതം ഉള്‍പ്പെടെയുള്ള തുകയ്ക്കു പുറമെ വന്‍ തുക കൂടി നിക്ഷേപിച്ചു. കാലാവധിക്കു ശേഷം പണം തിരിച്ചു കിട്ടാതെയായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായെന്നു ബോധ്യപ്പെട്ടത്. ഗ്രാമങ്ങളിലെ പ്രമുഖരെ വലയിലാക്കിയും ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ ഇടപാട് നടത്തിയുമാണ് തട്ടിപ്പ് സംഘങ്ങള്‍ വേരുറപ്പിച്ചത്.


Post a Comment

Previous Post Next Post