Top News

ഹരിദാസന്റെ കൊലയ്ക്ക് കാരണം രാഷ്ട്രീയവൈരാഗ്യമെന്ന് പോലീസ്; ബിജെപി മണ്ഡലം പ്രസിന്റടക്കം അറസ്റ്റില്‍

തലശ്ശേരി: സി.പി.എം. പ്രവര്‍ത്തകന്‍ കോടിയേരിയിലെ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസന്റെ കൊലയ്ക്ക് കാരണം രാഷ്ട്രീയവൈരാഗ്യമാണ് വ്യക്തമായതായി പോലീസ്. കേസില്‍ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അടക്കം നാലുപേര്‍ അറസ്റ്റിലായി. കൊലപാതക ഗൂഢാലോചനക്കുറ്റമാണ് പ്രതികളുടെ പേരിലുള്ളത്. കൊലപാതകം നടത്തിയത് നാലംഗ അക്രമിസംഘമാണെന്നും പോലീസ് പറഞ്ഞു.[www.malabarflash.com]


ബി.ജെ.പി. മണ്ഡലം പ്രസിഡന്റും തലശ്ശേരി നഗരസഭാ കൗണ്‍സിലറുമായ കെ. ലിജേഷ്, ആര്‍.എസ്.എസ്. മുഖ്യശിക്ഷക് പുന്നോല്‍ കെ.വി. ഹൗസില്‍ കെ.വി. വിമിന്‍, ആര്‍.എസ്.എസ്. ഖണ്ഡ്പ്രമുഖ് പുന്നോല്‍ ദേവീകൃപ ഹൗസില്‍ അമല്‍ മനോഹരന്‍, മീന്‍പിടിത്ത തൊഴിലാളിയും ബി.ജെ.പി. പ്രവര്‍ത്തകനുമായ ഗോപാലപ്പേട്ട സുനേഷ് നിവാസില്‍ സുനേഷ് എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകം നടത്തിയത് നാലംഗ അക്രമിസംഘമാണെന്ന് പോലീസ് പറഞ്ഞു. നാലുപേരെയും തിരിച്ചറിഞ്ഞു. കേസില്‍ അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോഴാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിലുള്ള മൂന്നുപേരെ ചോദ്യംചെയ്യുന്നത് തുടരുകയാണെന്നും പോലീസ് അറിയിച്ചു. നേരത്തെ ഏഴ് ആര്‍.എസ്.എസ്., ബി.ജെ.പി. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നാലുപേരാണ് അറസ്റ്റിലായത്.

കടലില്‍ പോയി തിരിച്ചെത്തിയ ഹരിദാസനെ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വീട്ടുമുറ്റത്തുവെച്ചാണ് ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ വീട്ടിലെത്തിയ ഹരിദാസന്‍ കൈയിലുണ്ടായിരുന്ന മീന്‍ അടുക്കളയില്‍ ഭാര്യയ്ക്ക് നല്‍കി വീടിനുപുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് വെട്ടേറ്റുവീണ ഹരിദാസനെ സഹോദരന്‍ സുരേന്ദ്രനും സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തും മുന്‍പ് മരിച്ചു.

Post a Comment

Previous Post Next Post