NEWS UPDATE

6/recent/ticker-posts

'ഫോണുകള്‍, ഓഡിയോക്ലിപ്പുകള്‍, ശാപവാക്കുകള്‍'; ഒടുവില്‍ ആശ്വാസം ദിലീപിന്, പ്രോസിക്യൂഷന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനും മറ്റു പ്രതികള്‍ക്കും ഒടുവില്‍ മുന്‍കൂര്‍ ജാമ്യം. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ശക്തമായ വാദം നടത്തിയിട്ടും ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷനും തിരിച്ചടിയായി.[www.malabarflash.com]

കേസില്‍ ഒന്നാംപ്രതിയായ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. 

തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധ ഗൂഢാലോചന അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴികള്‍ വിശ്വാസത്തിലെടുക്കരുത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ മൊഴികള്‍ എഫ് ഐ ആര്‍ ഇടാന്‍ വേണ്ടിയാണെന്നും എഫ് ഐ ആര്‍ ദുര്‍ബലമാണെന്നും പ്രതിഭാഗം വാദിച്ചു. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാ സമ്പന്നമായ കഥയാണ്. വധ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. 

ഒരു ടാബിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. യഥാര്‍ഥത്തില്‍ റെക്കോഡ് ചെയ്ത ഉപകരണം ഹാജരാക്കാതെ കൃത്രിമം നടന്നിട്ടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. എഡിറ്റ് ചെയ്ത ഭാഗമാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുള്ളത്. ദിലീപും സഹോദരനും സഹോദരിയുടെ ഭര്‍ത്താവും കൂടി ഇരിക്കുമ്പോള്‍ സംസാരിച്ചതിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയത്. ഇതില്‍ ദിലീപ് സംരസാരിച്ച ഭാഗം മാത്രമാണ് ഉള്ളത്. ബാലചന്ദ്രകുമാര്‍ ഒരു സംവിധായകനാണ്. ബാലചന്ദ്രകുമാര്‍ പറയുന്ന പല കാര്യങ്ങളും അവിശ്വസനീയമാണ്. വീട്ടില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ ഗൂഢാലോചന ആകും. വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈ വെട്ടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.    

ദിലീപിനേയും മറ്റൊരു കേസിലെ ഒന്നാംപ്രതിയേയും ബന്ധിപ്പിക്കാന്‍ വേണ്ടിയാണ് ഈ കേസ്. നടിയെ ആക്രമിച്ച കേസില്‍ കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ ദിലീപിനെ കുടുക്കുന്നതിന് വേണ്ടിയാണ് പുതിയ കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള കോടതിയില്‍ വാദിച്ചത്. കേസില്‍ എങ്ങനെയെങ്കിലും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒപ്പിടാത്ത ഒരു 161 സ്റ്റേറ്റ്മെന്റ് മാത്രമാണ് പ്രോസിക്യൂഷന്റെ ഭാഗത്തിലുള്ള പക്കലുള്ള തെളിവെന്നും ദിലീപ് ഉന്നയിച്ചു. 

ആലുവ പോലീസ് അന്വേഷിക്കേണ്ട കേസാണ് ഇത്.  ഇത് ക്രൈംബ്രാഞ്ചിന്റെ കൈകളിലേക്ക് എത്തിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചന കേസിലും ഒരേ അന്വേഷണ ഉദ്യോഗസ്ഥര്‍. ഇത് ദുരുദ്ദേശപരമാണ്. എ ഡി ജി പിയുടെ നേതൃത്വത്തില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. 

പിക് പോക്കറ്റ് എന്ന സിനിമയുമായുള്ള തര്‍ക്കമാണ് ബാലചന്ദ്രകുമാറിന് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം. സിനിമയുമായുള്ള തര്‍ക്കമാണ് ഇത്തരമൊരു കേസിലേക്ക് നയിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള തര്‍ക്കത്തിന്റെ കാരണമെന്താണ് എന്നതും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. 
 
എന്നാല്‍ കിട്ടുന്ന വിവരങ്ങള്‍ അന്വേഷിക്കേണ്ടേയെന്നാണ് കോടതി ചോദിച്ചത്. മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസിന് അന്വേഷിക്കേണ്ടതിന്റെ ആവശ്യമില്ലേയെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ചത് മറ്റൊരു കേസ് അല്ലേയേന്നും ഗൂഡാലോചന കേസിനെക്കുറിച്ച് മാത്രം പരാര്‍ശിക്കൂ എന്നും കോടതി പറഞ്ഞു. ഗൂഢാലോചന കേസിന് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനക്കുറ്റത്തിനുള്ള അന്വേഷണത്തിന് മതിയായ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിന് അന്വേഷണത്തിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു. 

ദിലീപ് അന്വേഷണത്തോട് സഹകരിച്ചിട്ടില്ല. ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡി വേണമെന്ന ശക്തമായ ആവശ്യമാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചത്. മൊബൈല്‍ ഫോണ്‍ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 

അറസ്റ്റ് ഒഴിവാക്കുന്നതിനായി നാടകീയ നീക്കങ്ങളാണ് കേസിന്റെ വിചാരണ ഘട്ടങ്ങളിലുടനീളം ദിലീപ് നടത്തിയത്. എന്നാല്‍ അതിനെ കൃത്യമായി എതിര്‍ത്തുകൊണ്ടും വധ ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കൊണ്ടുമാണ് പ്രോസിക്യൂഷന്‍ പ്രതിഭാഗത്തെ തടഞ്ഞത്. 

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിചാരണ ആരംഭിച്ച ഘട്ടത്തില്‍ തന്നെ ഹൈക്കോടതി സുപ്രീം കോടതി മുന്‍ വിധികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഗൂഢാലോചന, പ്രേരണക്കുറ്റം എന്നിവ നിലനില്‍ക്കുമോ എന്നായിരുന്നു കോടതിയുടെ സംശയം. എന്നാല്‍ ഇതൊരു അസാധാരണ കേസാണ്. ഇതിന് സാക്ഷിയുണ്ട്. ബാലചന്ദ്രകുമാര്‍ ഗൂഢാലോചനക്ക് സാക്ഷിയാണ്. 2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍ വെച്ച് നടത്തിയ സംഭാഷണങ്ങള്‍ക്കപ്പുറത്ത് സാക്ഷിയുണ്ട്, കൂടാതെ ചില നീക്കങ്ങളുണ്ടായെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. സോജന്‍, സുദര്‍ശന്‍ എന്നീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണികൊടുക്കണമെന്ന് ദിലീപ് പറയുന്ന വാക്കുകള്‍ എങ്ങനെയാണ് ശാപവാക്കുകളായി കാണാന്‍ കഴിയുക. ഉദ്യോഗസ്ഥരെ വധിക്കാനുള്ള തീരുമാനമെടുത്ത ശേഷമാണ് ഇത്തരമൊരു സംസാരം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

ബാലചന്ദ്രകുമാര്‍ ദിലീപിന്റെ ഗൂഢാലോചന സംബന്ധിച്ച് ഭാര്യയോടു പറഞ്ഞിരുന്നു. പിന്നീട് പോലീസിനെ അറിയിക്കുന്നതിനെക്കുറിച്ച് ഭാര്യയോട് സംസാരിച്ചു.എന്നാല്‍ പോലീസിനോട് പറഞ്ഞാല്‍ ജീവന് തന്നെ ഭീഷണി ഉണ്ടാകുമെന്നാണ് ഭാര്യ പറഞ്ഞത്. ഇക്കാര്യങ്ങളടക്കം ഭാര്യയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ഒരു വ്യക്തിയുടെ മൊഴി എങ്ങനെയൊക്കെ വിശ്വാസത്തിലെടുക്കാമെന്ന് വിവിധ കോടതിവിധികള്‍  ഉദ്ധരിച്ചുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.

ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികളുടെ ഫോണുകള്‍ കാണാതെ പോയി. തെറ്റുകാരല്ലെങ്കില്‍ എന്തിന് ഫോണ് മാറ്റി. സിനിമ നിര്‍മാതാവായ സലിമിന്റെ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എ വി ജോര്‍ജ്, ബി സന്ധ്യ എന്നീ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് പ്ലോട്ടുകള്‍ മാറ്റിവെച്ചിരിക്കുകയാണെന്ന് ദിലീപ് പറഞ്ഞിരുന്നു. അന്ന് അങ്ങനെയൊക്കെ നടക്കുമോ എന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായപ്പോള്‍ ഗൂഢാലോചനക്ക് ശേഷം കുറ്റകൃത്യം നടത്തുന്നതിന് നീക്കം നടത്തി എന്നാണ് മനസിലാക്കുന്നതെന്നാണ് സലിമിന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം മറ്റ് ആരൊക്കെ ഉണ്ട് എന്നത് വിഷയമല്ല, ടാര്‍ഗറ്റ് ആയ ഉദ്യോഗസ്ഥന്‍ ആരാണോ അയാള്‍ കൊല്ലപ്പെടണം. ഉദ്യോഗസ്ഥരെ പച്ചക്ക് കത്തിക്കണം. തന്റെ ദേഹത്ത് കൈ വെച്ച സുദര്‍ശന്റെ കൈ വെട്ടണം. ലക്ഷ്യംവെച്ചത് ആരെയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കൊല നടത്തണമെന്നും ദിലീപ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. 

ഗൂഡാലോചന കുറ്റത്തിന് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്നും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഡാലോചനക്ക് അപ്പുറത്തേക്ക് ചില നീക്കങ്ങള്‍ ഉണ്ടായെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം, ബാലചന്ദ്രകുമാറിനെതിരേ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളും പിന്നാലെ പുറത്തുവന്നിരുന്നു. താന്‍ പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും അവധി വാങ്ങിത്തരണമെന്നും ബാലചന്ദ്രകുമാര്‍ പറയുന്ന ശബ്ദരേഖകളാണ് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് താന്‍ അംഗീകരിച്ചില്ലെന്നും ഇതിനുപിന്നാലെയാണ് തനിക്കെതിരേ വധ ഗൂഢാലോചന കേസ് വന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. 

നേരത്തെ അന്വേഷണത്തോട് സഹകരിക്കാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. അന്വേഷണത്തെ യാതൊരു രീതിയിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന താക്കീത് കൂടി കോടതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസിന്റെ ഭാഗമായി ദിലീപിന്റെതടക്കമുള്ള ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഫോണുകള്‍ നല്‍കാതിരിക്കുകയായിരുന്നു. വധ ഗൂഡാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും മറ്റ് പ്രതികളും ഫോണുകള്‍ മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഹര്‍ജിയുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് നടന്ന വാദങ്ങള്‍ക്കിടെ നിര്‍ണായക വിവരങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചത്. 

എന്നാല്‍ ഫോണുകള്‍ സ്വന്തം നിലയില്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുന്നുവെന്നായിരുന്നു ദിലീപിന്റെ മറുപടി. ഇതിനെ ഹൈക്കോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ദിലീപിന്റേയും കൂട്ടു പ്രതികളുടേയുമടക്കം ആറ് ഫോണുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. വിവിധ കോടതി ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഇടക്കാല ഉത്തരവില്‍ സംതൃപ്തരല്ലെങ്കില്‍ നിങ്ങള്‍ വേണമെങ്കില്‍ സുപ്രീംകോടതിയില്‍ പോകൂ എന്നും ഹൈക്കോടതി പറഞ്ഞു. ഇന്ത്യന്‍ എവിഡന്‍സ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം പ്രതിക്ക് ഫോണുകള്‍ സ്വന്തം നിലക്ക് പരിശോധിക്കാനുള്ള അവകാശം ഇല്ലെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. 

Post a Comment

0 Comments