Top News

വയോധികയുടെ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ ഡോക്​ടർ പിടിയിൽ

പെരിന്തൽമണ്ണ: കാഴ്ചയില്ലാത്ത വയോധികക്ക് കാൽവിരലിൽ ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് കൈയ്യോടെ പിടികൂടി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അഞ്ചുവർഷമായി സേവനം ചെയ്യുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയും പെരിന്തൽമണ്ണ കാർഗിൽ നഗറിൽ താമസക്കാരനുമായ ഡോ. ടി. രാജേഷിനെ (49) ആണ് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിെൻറ നേതൃത്വത്തിൽ സി.ഐമാരായ ജ്യോതീന്ദ്രകുമാർ, ഗംഗാധരൻ എന്നിവർ പിടികൂടിയത്​.[www.malabarflash.com]


പെരിന്തൽമണ്ണ ആലിപ്പറമ്പിലെ തച്ചൻകുന്ന് വീട്ടിൽ ഖദീജ(60)ക്കാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. പ്രമേഹം കൂടിയാണ് ഇവരുടെ കാഴ്ച ഇല്ലാതായത്. കാലിെൻറ ചെറുവിരൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഡോ. രാജേഷിനെ ക്ലിനിക്കിൽ പോയി കണ്ട് പരിശോധന നടത്തിയത് പ്രകാരം ജനുവരി 10ന് ജില്ലാ ആശുപത്രിയിൽ എത്തി അഡ്മിറ്റായി. തൊട്ടടുത്ത ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, വാർഡിൽ ശസ്ത്രക്രിയ കാത്ത് കിടന്ന നാലു രോഗികൾക്കും അന്നേദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അകാരണമായി ഖദീജയെ ഒഴിവാക്കി.

പിന്നീട് തൊട്ടടുത്ത ശനിയാഴ്ച അവധിയുമായി. 28ന് വീണ്ടും ജില്ലാ ആശുപത്രി ഒ.പിയിൽ എത്തിയെങ്കിലും ഡോക്ടർ ക്ഷുഭിതനായി. ഇനി ഇവിടെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടെന്ന് മകൻ ഷമീം പറഞ്ഞു. ഡോക്ടർക്ക് പണം കിട്ടാത്തത് കൊണ്ടാണെന്ന് മറ്റു രോഗികളിൽ നിന്ന് മനസിലാക്കിയ മകൻ ഫെബ്രുവരി രണ്ടിന് വീണ്ടും ഇദ്ദേഹത്തിെൻറ സ്വകാര്യ ക്ലിനിക്കിൽ പോയി പരിശോധിക്കുകയും അദ്ദേഹം പറഞ്ഞത് പ്രകാരം ഫെബ്രുവരി രണ്ടിന് ആശുപത്രിയിൽ അഡ്മിറ്റാവുകയും ചെയ്തു. അഞ്ചിനാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ക്ലിനിക്കൽ എത്തി ഖജീജയുടെ മകൻ ശമീം പണം നൽകിയപ്പോഴാണ് മലപ്പുറം വിജിലൻസ് സംഘം പിടികൂടിയത്. 28ന് ആശുപത്രിയിൽനിന്ന് ഡോക്ടർ ക്ഷുഭിതനായി ഇറക്കിവിട്ടപ്പോൾ തന്നെ പുറത്തെ ബോർഡിൽ ആൻറികറപ്ഷൻ വിഭാഗം ഫോൺ നമ്പറിൽ വിളിച്ചു പരാതി പറഞ്ഞിരുന്നു. തുടർന്നാണ് മറ്റു രോഗികൾ ചെയ്ത് പോലെ കൈക്കൂലിയായി 500 രൂപയുടെ രണ്ട് നോട്ടുകൾ നൽകിയ ഘട്ടത്തിൽ വിജിലൻസ് സംഘമെത്തി പിടികൂടിയത്.

ക്ലിനിക്കിലും ഡോക്ടറുടെ വീട്ടിലും ജില്ലാ ആശുപത്രിയിലും ഒരേസമയം വിജിലൻസ് സംഘം പരിശോധന നടത്തി. എസ്.ഐമാരായ പി. മോഹൻദാസ്, പി.എൻ. മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എസ്.എസ്.ഐ സലീം, ഹനീഫ, പ്രജിത്, ജിത്സ്, ദിനേശ്, രാജീവ്, വിജയകുമാർ, സബൂർ, ശിഹാബ് തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. തെളിവെടുപ്പ്​ പൂർത്തിയാക്കിയാണ് പ്രതിയെ കൊണ്ടുപോയത്.

Post a Comment

Previous Post Next Post