NEWS UPDATE

6/recent/ticker-posts

ഒരു കൂട മാമ്പഴത്തിന് 31,000 രൂപ

മാമ്പഴം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന പഴമാണെങ്കില്‍ കൂടിയും വിപണിയിലും സീസണാകുമ്പോള്‍ മാര്‍ക്കറ്റ് ഇടിയാത്ത പഴം കൂടിയാണ്  മാമ്പഴം. ഒരുപാട് വൈവിധ്യമുള്ള മാമ്പഴങ്ങള്‍ നമുക്ക് വിപണിയില്‍ കാണാന്‍ സാധിക്കും.[www.malabarflash.com]


പ്രാദേശികമായ വ്യത്യാസങ്ങള്‍, ജനിതകമായ വ്യത്യാസങ്ങളെല്ലാം മാമ്പഴത്തിന്റെ രുചിയിലും നിറത്തിലും ഘടനയിലും ഗുണത്തിലുമെല്ലാം വ്യത്യാസം വരുത്താറുണ്ട്. ഈ വ്യത്യാസങ്ങള്‍ക്ക് അനുസരിച്ച് ഇവയുടെ വിലയിലും മാറ്റം വരാം.

അമ്പത് രൂപ മുതല്‍ അയ്യായിരം രൂപ വരെയോ, ഒരുപക്ഷേ അതിന് മുകളിലോ വരെ വില പോകുന്ന മാമ്പഴങ്ങള്‍ ഇന്ത്യയില്‍ ലഭിക്കാറുണ്ട്. ഇപ്പോഴിതാ പുനെയിലെ മാര്‍ക്കറ്റില്‍ 31,000 രൂപയ്ക്ക് ഒരു കൂട മാമ്പഴം വിറ്റുപോയിരിക്കുന്നതാണ് വാര്‍ത്തകളില്‍ ഇടം തേടിയിരിക്കുന്നത്.

ഇത്രയും വില വരാന്‍ ഇതെന്ത് മാമ്പഴമാണെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. യഥാര്‍ത്ഥത്തില്‍ ഈ മാമ്പഴം അത്രയൊന്നും വിലമതിക്കുന്നതല്ല. സീസണ്‍ തുടങ്ങുമ്പോള്‍ ആദ്യമായി എത്തുന്ന മാമ്പഴത്തിന് എപ്പോഴും 'ഡിമാന്‍ഡ്' കൂടാറുണ്ട്. വര്‍ഷങ്ങളായി ഇത്തരത്തില്‍ സീസണില്‍ ആദ്യം വരുന്ന മാമ്പഴം പുനെയിലെ മാര്‍ക്കറ്റില്‍ ലേലത്തിന് വച്ചാണേ്രത വില്‍ക്കാറ്.

ഇക്കുറിയും ലേലം നടന്നു. കൂടയ്‌ക്കൊന്നിന് അയ്യായിരം എന്ന നിലയിലായിരുന്നു ആദ്യ വില. പിന്നീട് ഇത് കേറിക്കേറി 31,000ത്തില്‍ എത്തുകയായിരുന്നുവത്രേ. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഒരു കൂട മാമ്പഴത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഈ സീസണിലെ ആദ്യ മാമ്പഴമായി അഞ്ച് കൂടയാണ് വന്നത്. ആദ്യത്തേതിന് 18,000വും രണ്ടാമത്തേതിന് 21,000വും മൂന്നാമത്തേതിനും നാലാമത്തേതിനും 22,500 വീതവും ലഭിച്ചു. അഞ്ചാമത്തെ കൂടയ്ക്കാണ് റെക്കോര്‍ഡ് വിലയായ 31,000 ലഭിച്ചിരിക്കുന്നത്.

ദേവ്ഗഡ് രത്‌നഗിരിയില്‍ നിന്നുമെത്തിയ 'ഹേപസ്' മാമ്പഴമാണ് ഇത്രയും വിലയ്ക്ക് വിറ്റുപോയിരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായാണ് കച്ചവടക്കാര്‍ സീസണിലെ ആദ്യ മാമ്പഴങ്ങള്‍ ലേലത്തിന് വില്‍ക്കുന്നത്. അടുത്ത മാസങ്ങളിലെ കച്ചടം എങ്ങനെയിരിക്കുമെന്നതിന്റെ സൂചനയാണേ്രത ലേലത്തിന്റെ വിജയവും പരാജയവും നല്‍കുക. ഇത് കച്ചവടക്കാരുടെ വിശ്വാസം. എന്തായാലും വമ്പന്‍ വിലയ്ക്ക് മാമ്പഴം വിറ്റുപോയത് കൗതുകത്തോടെ നോക്കിക്കാണുകയാണ് മിക്കവരും.

Post a Comment

0 Comments