NEWS UPDATE

6/recent/ticker-posts

സഹോദരിയുമായി അടുപ്പം; സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ പ്രവാസി യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ

ദുബൈ: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ 34കാരനായ യുവാവിനെ ദുബൈ പ്രാഥമിക കോടതി  ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഏഷ്യക്കാരനായ ഇയാളെ നാടുകടത്തും.[www.malabarflash.com]


സുഹൃത്ത് നിര്‍ബന്ധപൂര്‍വ്വം പ്രതിയുടെ സഹോദരിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലനടത്തിയതിന് പിന്നിലെ കാരണം. തന്റെ സഹോദരിയുമായി ബന്ധം സ്ഥാപിക്കാന്‍ സുഹൃത്ത് ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതി ഇയാളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 

2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജബല്‍ അലി പോലീസ് സ്റ്റേഷനില്‍ കൊലപാതക വിവരം ലഭിച്ചു. സിഐഡി സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് അറസ്റ്റിലാകുന്നത്.

കൊല്ലപ്പെട്ട ആള്‍ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയ സഹോദരിയുമായി കൊല്ലപ്പെട്ട സുഹൃത്ത് ഫോണിലൂടെ സംസാരിക്കുന്നതായി പ്രതി കണ്ടെത്തി. അടുപ്പം പുലര്‍ത്താന്‍ സഹോദരിയെ സുഹൃത്ത് നിര്‍ബന്ധിക്കുകയും ഇത് പറഞ്ഞ് ശല്യം ചെയ്യുകയുമായിരുന്നെന്ന് യുവാവ് പറഞ്ഞു. 

സഹോദരിയുമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുഹൃത്തിനോട് പറഞ്ഞെങ്കിലും അയാള്‍ ഫോണിലൂടെയുള്ള സംസാരം തുടര്‍ന്നു. ഇതില്‍ പ്രകോപിതനായ യുവാവ് സുഹൃത്തിനോട് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നും ജബല്‍ അലിയിലെ മരുഭൂമിയിലെത്താനും ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെയെത്തിയ സുഹൃത്തിനെ കത്രികയും കത്തിയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ യുവാവിനെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകക്കുറ്റം ചുമത്തി. കേസ് പരിഗണിച്ച പ്രാഥമിക കോടതി പ്രതിക്ക് ജീവപര്യന്തം തടവും നാടുകടത്തലും വിധിക്കുകയായിരുന്നു.

Post a Comment

0 Comments