Top News

50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു

കാഞ്ഞങ്ങാട്: 50ല്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി ഒരാഴ്ചക്ക് പൊതു പരിപാടികള്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവിറക്കി പിന്നീട് റദ്ദ് ചെയ്ത ജില്ലാ കലക്ടറുടെ നടപടിഹൈക്കോടതി ഇടപെട്ട് പുനസ്ഥാപിച്ചു.[www.malabarflash.com] 

ഹൈക്കോടതിയുടെ ഉത്തരവിനെ പശ്ചാത്തലത്തില്‍ മടിക്കൈയില്‍ നടക്കുന്ന സി.പിഎം ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കി. വെള്ളിയാഴ്ച രാത്രി 11 .45യോടെയാണ് സമ്മേളന നടപടികൾ അവസാനിച്ചത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കാസര്‍കോട് ജില്ലാ സമ്മേളനമാണ് വെട്ടിച്ചുരുക്കിയത്.

നേരത്തെ കാസര്‍കോട് ജില്ലയില്‍ കലക്ടര്‍ പൊതുയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സി.പി.എം നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പാര്‍ട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്.

അതിനിടെയാണ് ജില്ലയില്‍ പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്. തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് അഡ്വ. അയ്യപ്പദാസ് മുഖേനയാണ് ഹരജി നല്‍കിയത്. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് 50 പേരില്‍ കൂടുതലുള്ള പൊതുയോഗങ്ങള്‍ വിലക്കി. 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ആരാഞ്ഞു.

സിപിഎം ജില്ലാ സമ്മേളന പശ്ചാത്തലത്തിലാണ് കലക്ടര്‍ തന്റെ തീരുമാനം പിന്‍വലിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. തീരുമാനം രോഗ വ്യാപനം രൂക്ഷമാക്കുമെന്നും സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post