Top News

സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന് പുതിയ ലോഗോ ക്ഷണിച്ചു; തെരഞ്ഞെടുക്കുന്ന ലോഗോക്ക് അമ്പതിനായിരം റിയാൽ സമ്മാനം

ജിദ്ദ: സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന് പുതിയ ലോഗോ ക്ഷണിച്ചു. പുതിയ ലോഗോ രൂപകല്‍പന ചെയ്യാന്‍ രാജ്യത്തെ ഡിസൈനർമാർക്കിടയിൽ മന്ത്രാലയം മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ലോഗോ രൂപകല്‍പന ചെയ്യുന്നവര്‍ക്ക് 50,000 റിയാല്‍ സമ്മാനം ലഭിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ ലോഗോയിൽ ഉണ്ടാവേണ്ട നിബന്ധനകളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.[www.malabarflash.com]


സൗദി അറേബ്യയുടെ പൊതു ലോഗോ ആയ രണ്ടു വാളുകളും ഈത്തപ്പനയും ലോഗോയിൽ ഉണ്ടായിരിക്കണം. ഹജ്ജിന്റെയും ഉംറയുടെയും പ്രതീകങ്ങൾ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയിൽ പ്രധാന ഭാഗങ്ങൾ അറബിയും ഇംഗ്ലീഷും സൂചിപ്പിക്കണം. ലോഗോ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടും ദൗത്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോ ലളിതമായിരിക്കണം. സങ്കീർണ്ണമായ ഘടകങ്ങൾ ലോഗോയിൽ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.

ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ലക്ഷ്യവും കൃത്യമായ സന്ദേശവും ലോഗോ പ്രതിഫലിപ്പിക്കണം. ഇസ്‌ലാമിക ലോകത്ത് ഹജ്ജിനും ഉംറക്കുമുള്ള സ്ഥാനത്തെ പുതിയ ലോഗോ പ്രതിനിധീകരിക്കണം. ലോഗോയുടെ ഘടന സമതുല്യമായ ജ്യാമിതീയ അളവുകളായിരിക്കണം. അതോടൊപ്പം ലോഗോ വ്യത്യസ്ത അളവുകളിൽ ഉപയോഗിക്കാന്‍ സാധിക്കുന്നതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 

ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അവരുടെ കർമങ്ങൾ സുരക്ഷിതവും എളുപ്പവുമായ രീതിയിൽ അനുഷ്ഠിക്കുന്നതിനും അതിലൂടെ ഉയർന്ന സംതൃപ്തി കൈവരിക്കുന്നതിനും മന്ത്രാലയം ലക്ഷ്യം വെക്കുന്നു. പുതിയ ലോഗോ ഡിസംബര്‍ 21 നു മുമ്പായി icd@haj.gov.sa എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post