NEWS UPDATE

6/recent/ticker-posts

സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഈയക്കട്ടി നല്‍കി സ്വര്‍ണവ്യാപാരിയില്‍ നിന്ന് 19 ലക്ഷം തട്ടിയ യുവാവ് റിമാണ്ടില്‍

കാസര്‍കോട്: സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഈയക്കട്ടി നല്‍കി സ്വര്‍ണവ്യാപാരിയില്‍ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. കാസര്‍കോട് റെയില്‍വെ സ്റ്റേഷന് പിറകുവശത്ത് താമസിക്കുന്ന ബി.എ സുനൈഫിനെ(32)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി റിമാണ്ട് ചെയ്തത്.[www.malabarflash.com] 

തിങ്കളാഴ്ച സി.ഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുനൈഫിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് പള്ളത്ത് താമസിക്കുന്ന സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗോരക്നാഥ് പാട്ടീലിനെയാണ് സ്വര്‍ണം പൂശിയ ഈയക്കട്ടി നല്‍കി സുനൈഫ് കബളിപ്പിച്ചത്. 

2021 ഒക്ടോബര്‍ 8ന് രാവിലെ 11 മണിയോടെയാണ് സുനൈഫ് 400 ഗ്രാം വരുന്ന ഈയക്കട്ടിയുമായി ഗോരക്നാഥ് പാട്ടീലിനെ സമീപിച്ചത്. സുനൈഫ് 15 വര്‍ഷത്തോളമായി ഗോരക്നാഥുമായി സ്വര്‍ണ ഇടപാടുകള്‍ നടത്തിവന്നിരുന്നതിനാല്‍ ഈയക്കട്ടി പൊതിഞ്ഞ കവര്‍ ആദ്യം തുറന്നുനോക്കിയിരുന്നില്ല. തിരക്കായതിനാല്‍ ഈയക്കട്ടി പുറത്തെടുക്കാതെ കവര്‍സഹിതം തൂക്കിനോക്കിയ ശേഷം അതിന്റെ വിലയായ 19 ലക്ഷത്തി ആറായിരം രൂപ ഗോരക്നാഥ് പാട്ടീല്‍ സുനൈഫിന് നല്‍കി.

പിന്നീട് കവര്‍ തുറന്നുനോക്കി പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന് പകരം ഈയക്കട്ടിയാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് ഗോരക്നാഥ് നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും സുനൈഫ് ഒളിവില്‍ പോകുകയായിരുന്നു. മേഘാലയ, മഹാരാഷ്ട്ര, അജ്മീര്‍ എന്നിവിടങ്ങളില്‍ പോയി കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ സുനൈഫ് കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഇതുസംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതോടെ പോലീസ് താമസസ്ഥലത്തെത്തി സുനൈഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സ്വര്‍ണവ്യാപാരിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ സുനേഫിന് പുറമെ കൂടുതല്‍ പേര്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും തുടര്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments