Top News

ഔഫ് വധക്കേസില്‍ വിചാരണ തുടങ്ങി; 101 പേര്‍ക്ക് പുറമെ കൂടുതല്‍ സാക്ഷികളെ ഉള്‍പ്പെടുത്തി

കാസര്‍കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു.[www.malabarflash.com]


ഈ കേസില്‍ നിലവിലുള്ള 101 പേര്‍ക്ക് പുറമെ കൂടുതല്‍ സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, തലയില്ലത്ത് ഹസന്‍, മുണ്ടത്തോട്ടെ ഹാഷിര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സമന്‍സയച്ചിട്ടും പ്രതികള്‍ ഹാജരാകാതിരുന്നതിനാല്‍ കേസിന്റെ വിചാരണ നേരത്തെ മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതികള്‍ ഹാജരായതോടെയാണ് വിചാരണ തുടങ്ങിയത്.

2020 ഡിസംബര്‍ 23ന് രാത്രി മുണ്ടത്തോട് ബാവാനഗറില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ഔഫിനെ ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള മൂന്നംഗസംഘം കഠാര, മരവടി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ലോക്കല്‍ പോലീസാണ് ഈ കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. ഇതിനിടെ ഔഫ് വധക്കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണുണ്ടായത്.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസാണ് ഔഫ് വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. മൂന്ന് പ്രതികളും 101 സാക്ഷികളുമുള്ള കുറ്റപത്രത്തോടൊപ്പം കത്തി അടക്കമുള്ള 43 തൊണ്ടിമുതലുകളും വൂണ്ട് സര്‍ട്ടിഫിക്കറ്റും ചികിത്സാരേഖകളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോണ്‍ രേഖകളും അടക്കം 42 പേപ്പര്‍ രേഖകളും കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിരുന്നു. കേസ് രേഖകള്‍ വിചാരണക്കായി ഹൊസ്ദുര്‍ഗ് കോടതി കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറുകയാണുണ്ടായത്.

Post a Comment

Previous Post Next Post