Top News

മുന്‍ മിസ് കേരളയടക്കം മരിച്ച അപകടം: പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമ അറസ്റ്റില്‍

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരേയും അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടി അടക്കമുള്ളവയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.[www.malabarflash.com]


ഹോട്ടലുടമയെ എറണാകുളം എ.സി.പി.യുടെ ഓഫീസില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യംചെയ്ത് വരികയായിരുന്നു. ഇയാള്‍ ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ (ഡി.വി.ആര്‍.) പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ വിവാദ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍ നശിപ്പിച്ചുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നിശാപ്പാര്‍ട്ടിനടന്ന ഹാളിലെയും ഹോട്ടലിന് പുറത്തെയും സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആറാണ് മാറ്റിയത്. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം റോയിയെ സൈജു വിളിച്ചതായി കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് പിന്തുടര്‍ന്നതെന്നുമാണ് സൈജുവിന്റെ മൊഴി.

അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചു. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മാത്രമാണ് രക്ഷപ്പെട്ടത്.

സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായാണ് കരുതുന്നത്. തുടര്‍ന്ന് പിണങ്ങിപ്പോയ സംഘവുമായുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഓഡി കാര്‍ പിന്തുടര്‍ന്നതെന്നാണ് സംശയം

Post a Comment

Previous Post Next Post