NEWS UPDATE

6/recent/ticker-posts

പിഎംജികെവൈ സൗജന്യ റേഷൻ കേന്ദ്രം നിർത്തുന്നു, 80 കോടി ജനങ്ങൾക്ക് തിരിച്ചടി

ദില്ലി : പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് നൽകി വന്നിരുന്ന സൗജന്യറേഷൻ നിർത്തുന്നു. നിലവിൽ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബർ 30 ന് ശേഷം സൗജന്യറേഷൻ നീട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.[www.malabarflash.com]


കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2020 മാർച്ച് മാസത്തെ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പ്രകാരം രാജ്യത്തെ ജനങ്ങൾക്ക് സൗജന്യറേഷൻ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതാണ് സൗജന്യറേഷൻ പ്രഖ്യാപിക്കാൻ പ്രധാനകാരണം.

2020 മാർച്ച് മാസത്തിൽ ആരംഭിച്ച സൗജന്യ റേഷൻ 2021 നവംബർ 30 വരെ പലപ്പോഴായി നീട്ടിയിരുന്നു. എന്നാൽ കോവിഡിന്റെ പിടി അയഞ്ഞതും സാമ്പത്തിക മേഖല ശക്തിപ്പെട്ടതുമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ.

തുടക്കത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന 2020 ഏപ്രിൽ ജൂൺ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് പിന്നീട് 2021 നവംബർ 30 വരെയെത്തി. ഇനി നീട്ടാൻ ആകില്ലെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുധാൻഷു പാണ്ഡെയാണ്. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments