Top News

ഡിജെ പാര്‍ട്ടിയുടെ ശബ്ദം കേട്ട് 63 കോഴികള്‍ ചത്തു'; പരാതിയുമായി കര്‍ഷകന്‍

ഒഡിഷ: അമിതമായ ശബ്ദം  മനുഷ്യരെയെന്ന പോലെ തന്നെ മൃഗങ്ങളെയും പക്ഷികളെയുമെല്ലാം മോശമായ രീതിയില്‍ ബാധിക്കും. ഒരുപക്ഷേ മനുഷ്യരെക്കാള്‍ കൂടുതല്‍ ശബ്ദമലിനീകരണം ബാധിക്കുന്നത് മൃഗങ്ങളെയും പക്ഷികളെയുമാണെന്ന്  പറയാം.[www.malabarflash.com] 

 ആഘോഷവേളകളില്‍ ഉറക്കെ പാട്ട് വയ്ക്കുന്നതും, പടക്കം പൊട്ടിക്കുന്നതുമെല്ലാം നിയമപ്രകാരം നിയന്ത്രിക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ്. എങ്കിലും ആഘോഷങ്ങളില്‍ മുഴുകവെ ഇക്കാര്യങ്ങളെല്ലാം പലരും മറന്നുപോകാറുണ്ട്. മിക്കവാറും ആഘോഷങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവരാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാറ്. 

 എന്തായാലും ഇത്തരമൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കര്‍ഷകന്‍ പോലീസില്‍ നല്‍കിയിരിക്കുന്ന വ്യത്യസ്തമായ പരാതിയാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ഒഡിഷയിലെ ബാലസോര്‍ ആണ് രഞ്ജിത് പരിദ എന്ന ഈ കര്‍ഷകന്റെ സ്വദേശം. അവിടെ കോഴി ഫാം നടത്തിവരികയാണ് രഞ്ജിത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ നടന്നൊരു വിവാഹവിരുന്നില്‍ ഉച്ചത്തില്‍ ഡിജെ മ്യൂസിക് വച്ചതിനാല്‍ തന്റെ ഫാമിലെ കോഴികള്‍ പരിഭ്രാന്തരാവുകയും മണിക്കൂറുകള്‍ക്ക് ശേഷം പരിശോധിച്ചപ്പോള്‍ 63 കോഴികള്‍ ചത്തുകിടക്കുന്നതാണ് കണ്ടതെന്നുമാണ് രഞ്ജിതിന്റെ പരാതി. 

ശബ്ദമലിനീകരണം മൂലമാണ് കോഴികള്‍ ചാകാനിടയായതെന്ന് അടുത്തുള്ളൊരു മൃഗ ഡോക്ടര്‍ പറഞ്ഞതായും രഞ്ജിത് തന്റെ പരാതിയില്‍ ഉന്നയിക്കുന്നു. രഞ്ജിത്തിന്റെ അയല്‍വീട്ടിലായിരുന്നു വിവാഹവിരുന്ന് നടന്നിരുന്നത്. പാര്‍ട്ടിയില്‍ ഉറക്കെ പാട്ട് വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നുവത്രേ. ശബ്ദം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അവരെ സമീപിച്ചെങ്കിലും അവര്‍ തന്റെ ആവശ്യം പരിഗണിക്കാന്‍ കൂട്ടാക്കിയില്ലെന്നും കര്‍ഷകന്‍ തന്റെ പരാതിയില്‍ പറയുന്നു. 

ഇപ്പോള്‍ വിവാഹം നടന്ന വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് രഞ്ജിതിന്റെ ആവശ്യം. സംഭവം പ്രാദേശിക മാധ്യമങ്ങളില്‍ വന്നതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറുകയായിരുന്നു.

Post a Comment

Previous Post Next Post