NEWS UPDATE

6/recent/ticker-posts

മൊബൈല്‍ കടകളില്‍ റെയ്‍ഡ്; 28 പ്രവാസികള്‍ പിടിയിലായി

റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഷോപ്പുകളില്‍  അധികൃതരുടെ പരിശോധന. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ സംയുക്ത സംഘം  പരിശോധനയ്‍ക്ക് എത്തിയത്. തൊഴില്‍ നിയമ ലംഘകരമായ 28 പ്രവാസികളെ ഇവിടെ നിന്ന് പിടികൂടി. ഇവരെ നാടുകടത്തുമെന്ന്  അധികൃതര്‍ അറിയിച്ചു.[www.malabarflash.com]


വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിയാദ് ശാഖാ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാജ്യത്ത് സ്വദേശിവത്കരണവും തൊഴില്‍ നിയമങ്ങളും നടപ്പാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയും പരിശോധനയില്‍ പങ്കെടുത്തു.

സ്‍പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യല്‍, സന്ദര്‍ശക വിസയിലെത്തി ജോലി ചെയ്യല്‍, തൊഴില്‍ പെര്‍മിറ്റില്ലാതെ ജോലി ചെയ്യല്‍, സ്വദേശിവത്കരിച്ച തൊഴിലുകളില്‍ സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് പ്രവാസികള്‍ പിടിയിലായത്. 

പത്തോളം വ്യാപാര സ്ഥാപനങ്ങളിലും നിയമ ലംഘനം കണ്ടെത്തി. ഇവര്‍ക്ക് പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുന്നതിനുമായി സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി.

Post a Comment

0 Comments