Top News

'തൻറെ പേരും കുടുംബവും വച്ച് ബിജെപി മാർക്കറ്റിംഗ് തന്ത്രം നടത്തി'; സെയ്ദ് താഹ ബാഫഖി തങ്ങൾ പാർട്ടി വിട്ടു

കോഴിക്കോട്: ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി അംഗവും മുസ്ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുള്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു. ന്യൂനപക്ഷങ്ങളോടുള്ള പാർട്ടിയുടെ സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി.[www.malabarflash.com] 

തന്‍റെ പേരും കുടുംബവും വച്ച് ബിജെപി മാര്‍ക്കറ്റിംഗ് തന്ത്രമാണ് നടത്തിയതന്നും സമുദായത്തെ ആകെ അവഹേളിക്കുന്ന രീതിയാണ് ഇന്ന് പാര്‍ട്ടി നേതൃത്വത്തിനെന്നും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനയച്ച രാജിക്കത്തില്‍ സെയ്ദ് താഹ ബാഫഖി തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നതായി ബിജെപി സംസ്ഥാന സമിതി അംഗവും ചലച്ചിത്ര സംവിധായകനുമായ അലി അക്ബര്‍ അറിയിച്ചു. മുസ്ലിം സമുദായത്തില്‍ നിന്ന് പാര്‍ട്ടിയിലെത്തുന്നവര്‍ വലിയ അവഗണന നേരിടുന്നതായി അലി അക്ബര്‍ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ചുമതലകളില്‍ നിന്ന് മാറിയാലും ബിജെപി പ്രവർത്തകനായി തുടരുമെന്ന് അലി അക്ബർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാര്‍ട്ടി പുനസംഘടനയെത്തുടര്‍ന്ന് ബിജെപിയില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന നേൃത്വത്തിനെതിരെ അലി അക്ബറുടെ തുറന്നു പറച്ചില്‍. പലതരത്തിലുളള വേട്ടയാടലുകൾ നേരിട്ട് ബിജെപിപിക്കൊപ്പം നില്‍ക്കുന്ന മുസ്ലീം സമുദായത്തിൽപ്പെട്ടവർ അവഗണിക്കപ്പെടുന്നു എന്നതാണ് അലി അക്ബറിന്‍റെ പ്രധാന വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയായിരുന്ന എ കെ നസീര്‍ ബിജെപി വിടാന്‍ ഇടിയായ സാഹചര്യവും പദവികള്‍ ഒഴിയാന്‍ കാരണമായതായി അലി അക്ബര്‍ പറഞ്ഞു.

പൗരത്വ വിഷയത്തിലുള്‍പ്പെടെ പാർട്ടിക്കൊപ്പം ഉറച്ച് നിന്ന പലരും ഇന്ന് അസംതൃപ്തരാണെന്നും അലി അക്ബറിന്‍റെ പോസ്റ്റിലുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിക്കാപ്പം നിന്നവരാണ് ഇന്ന് വേട്ടയാടപ്പെടുന്നത്. ഒരുവന് നൊന്താല്‍ അത് പറയുകയെന്നത് സാമാന്യ യുക്തിയാണ്. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയതിനാലാണ് ഈ നിലപാട് പറയുന്നതെന്നും ഫേസ്ബുക്കില്‍ വ്യക്തമാക്കിയയ അലി അക്ബര്‍ പക്ഷേ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കില്ലെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post