NEWS UPDATE

6/recent/ticker-posts

കേരളത്തിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചു പിടിപ്പിച്ചുള്ള ശസ്ത്രക്രിയ വിജയകരം

കൊച്ചി: കേരളത്തിൽ ആദ്യമായി കൃത്രിമ ഹൃദയം വച്ചു പിടിപ്പിച്ചുള്ള ശസ്ത്രക്രിയ വിജയകരം. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിലാണ് പുതിയ ചരിത്രം. ഗുരുതര ഹൃദ്രോഗികൾക്കു ഹൃദയ ദാതാക്കളെ തേടിയുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകാൻ പോകുന്നതെന്നു വിദഗ്ധർ വിലയിരുത്തുന്നു.[www.malabarflash.com] 

കൊച്ചിയിൽ ആറു വർഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന രോഗത്തിനു ചികിത്സയിലുള്ള 61 കാരിയിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഡി.എസ്. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൃത്രിമ ഹൃദയം വച്ചു പിടിപ്പിച്ചിരിക്കുന്നത്. കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണവും രാജ്യത്തു തന്നെ അപൂര്‍വവുമായ ശസ്ത്രക്രിയയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഡിയോജനിക് ഷോക്കും ശ്വാസതടസവും താഴ്ന്ന രക്തസമ്മര്‍ദവുമായി കഴിഞ്ഞ സെപ്തംബര്‍ 13നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി ഗുരുതരാവസ്ഥയിൽ ആയിരുന്നു. വൈകാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കിഡ്‌നികളുടെ പ്രവര്‍ത്തനവും പരാജയപ്പെട്ടതോടെ രോഗിയ്ക്കു തുടര്‍ച്ചയായ ഡയാലിസിസും ചെയ്യേണ്ടി വന്നു. 

കരളിലെ എന്‍സൈമുകളുടെ അമിത ഉല്‍പ്പാദനം പ്രശ്‌നം ഗുരുതരമാക്കി. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിര്‍ത്താന്‍ ബഹുവിധ പിന്തുണകളും വേണ്ടി വന്നു. വെന്റിലേറ്ററിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ വിഎ എക്‌മോയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

സെപ്തംബര്‍ 16 മുതല്‍ 20 ദിവസം വിഎ എക്‌മോയുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി. കിഡ്‌നിയുടേയും കരളിന്റേയും പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം 10 ശതമാനം മാത്രമായി. അതുകൊണ്ടു തന്നെ വിഎ എക്‌മോയിൽ തുടരേണ്ടി വന്നു. ഹൃദയം മാറ്റിവെയ്ക്കുക മാത്രമായിരുന്നു ഇവർക്കു മുന്നിലുള്ള പോംവഴി. ദാതാവിനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടും കാലതാമസ സാധ്യതയും ഭീഷണിയായി. വിഎ എക്‌മോയില്‍ തുടരുന്നതിലും പലവിധ സങ്കീര്‍ണതകളുണ്ടായിരുന്നു. ഇതോടെയാണ് എല്‍വിഎഡി എന്ന കൃത്രിമഹൃദയം രോഗിയില്‍ ഇംപ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

ഇക്കാര്യം രോഗിയുടെ ബന്ധുക്കളോടു സംസാരിച്ചപ്പോൾ അവർക്കും പ്രതീക്ഷ വർധിച്ചു. ഇതോടെ 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ രോഗിയിൽ കൃത്രിമ ഹൃദയം മിടിച്ചു തുടങ്ങി. രോഗിയുടെ ആരോഗ്യ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.

തികച്ചും വൈദഗ്ധ്യത്തോടെ മാത്രം ചെയ്യാൻ സാധിക്കുന്ന ശസ്ത്രക്രിയയാണ് ഇതെന്നതാണ് പ്രത്യേകത. ഇന്ത്യയില്‍ ചുരുക്കം ആശുപത്രികളിൽ മാത്രമാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. രണ്ടാം തലമുറ വെന്റ്‌റിക്യൂലര്‍ അസിസ്റ്റ് ഉപകരണമായ ഹാര്‍ട്ട്‌മേറ്റ് 2 ആണ് രോഗിയില്‍ ഇംപ്ലാന്റ് ചെയ്തിട്ടുള്ളത്. ഇതിന്റെ സഹായത്തോടെ രോഗിയ്ക്ക് ഇനി മെച്ചപ്പെട്ടതും ദീര്‍ഘവും സാധാരണവുമായ ജീവിതം സാധ്യമാകുമെന്ന് ഡോക്ടകർമാർ പറയുന്നു. 

ഡോ സുജിതിനൊപ്പം ഡോ ആനന്ദ് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. നെബു (കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ്), ഡോ. സന്ധ്യ, പെര്‍ഫ്യൂഷനിസ്റ്റുമാരായ സുരേഷ്, ജിയോ തുടങ്ങി 20-ലേറെ പേരുടെ സംഘമാണ് ചരിത്ര ദൗത്യത്തിനുവേണ്ടി പ്രവർത്തിച്ചത്.

ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്നവരിൽ ഇംപ്ലാന്റ് ചെയ്യുന്ന അതിനൂതന മെക്കാനിക്കല്‍ പമ്പാണ് ലെഫ്റ്റ് വെന്റ്‌റിക്യുലര്‍ അസിസ്റ്റ് ഡിവൈസ് (എല്‍വിഎഡി). ഹൃദയത്തിന്റെ താഴ്ഭാഗത്തുള്ള ഇടത്തേ അറയിൽനിന്ന് (ലെഫ്റ്റ് വെൻട്രിക്കിൾ) അയോർട്ടയിലേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാന്‍ ഇത് സഹായിക്കുന്നു.

Post a Comment

0 Comments