ദുബൈ: ഐപിഎല്‍ പതിനാലാം സീസണ്‍ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജയം ചെന്നൈയ്ക്ക്. മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. 157 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. സ്‌കോര്‍: ചെന്നൈ-20 ഓവറില്‍ 156/6. മുംബൈ-20 ഓവറില്‍ 136/8.[www.malabarflash.com]
ചെന്നൈയുടെ മുന്നോട്ടുവെച്ച 157 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 58 റണ്‍സ് എടുക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 40 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നിന്ന സൗരബ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ചെന്നൈ ബൗളര്‍മാര്‍ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി. ബ്രാവോ മൂന്നും ദീപക്ക് ചഹാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ പ്രകടനമാണ് ചെന്നൈയെ കരകയറ്റിയത്. 58 പന്തില്‍ 88 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗെയ്ക്ക് വാദിന്റെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡെയിന്‍ ബ്രാവോയുടെയും (എട്ട് പന്തില്‍ 23 റണ്‍സ്) മികവിലാണ് ചെന്നൈ ഭേദപ്പെട്ട നിലയിലേക്കെത്തിയത്.
ഡുപ്ലെസിസും മോയിന്‍ അലിയും സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുമ്പേ കൂടാരം കയറി. റെയ്‌നയും ധോനിയും വന്നപാടെ മടങ്ങി. 24 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ചെന്നൈയെ ഗെയ്ക്ക്‌വാദ്-ജഡേജ സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ടും ആദം മില്‍നെയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഗെയ്ക്ക്‌വാദാണ് കളിയിലെ താരം.
ജയത്തോടെ 12 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായി. എട്ട് പോയന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്.
0 Comments