Top News

കോഴിക്കോട് വീണ്ടും ‘നിപ്പ’യെന്നു സൂചന; 12 വയസ്സുകാരൻ ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധയുണ്ടായതായി സംശയം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരനിലാണു നിപ്പ ബാധ സംശയിക്കുന്നത്. നാലു ദിവസം മുൻപാണ് നിപ്പ രോഗലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.[www.malabarflash.com]


പനി ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ സ്രവപരിശോധനയ്ക്കുള്ള ആദ്യ സാംപിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം സംസ്ഥാന ആരോഗ്യവകുപ്പിനു കൈമാറി എന്നാണു സൂചന. രണ്ടു സാംപിളുകൾ കൂടി പരിശോധനയ്ക്ക് അയയ്ക്കും. ഇതിലും രോഗബാധ സ്ഥിരീകരിച്ചാൽ മാത്രമേ ആശങ്കയ്ക്കിടയുള്ളൂയെന്നും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

ഞായറാഴ്ച പ്രത്യേക മെഡിക്കൽ സംഘവും കേന്ദ്രമെഡിക്കൽ സംഘവും കോഴിക്കോട്ട് എത്തുമെന്ന് അറിയുന്നു.

2018 മേയിലാണ് സംസ്​ഥാനത്ത്​ ആദ്യമായി നിപ്പ വൈറസ് റിപ്പോർട്ട്​ ചെയ്​തത്​. വൈറസ് ബാധയെത്തുടർന്ന്​ 17 പേരാണ് മരിച്ചത്. കോഴിക്കോ​ട്​ ചങ്ങരോത്തായിരുന്നു പകർച്ചവ്യാധിയുടെ ഉറവിടം. പഴംതീനി വവ്വാലുകളിൽനിന്നാണ് രോഗം മനുഷ്യരിലേക്ക് പടർന്നതെന്നാണ്​ പിന്നീട്​ കണ്ടെത്തിയത്​.

2019 ജൂണിൽ കൊച്ചിയിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചിരുന്നു. 23 കാരനായ വിദ്യാർഥിക്കാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post