NEWS UPDATE

6/recent/ticker-posts

പത്ത് ദിവസം മുൻപും ലോട്ടറി അടിച്ചു, ആ പണം കൊണ്ട് ബമ്പറെടുത്തു: അതിലടിച്ചത് 12 കോടി: ജയപാലന് ഭാഗ്യം വന്ന വഴി

കൊച്ചി: ഓണം ബംപറടിച്ചതിന്റെ അമിതാഹ്ളാദമൊന്നും മരടിലെ ഓട്ടോഡ്രൈവറായ ജയപാലന്റെ മുഖത്തില്ല. മുൻപ് പലപ്പോഴും ചെറിയ തുകകൾ അടിച്ചിട്ടുള്ളതിനാൽ അത് പോലെത്തന്നെയാണ് ഇത്തവണയും. എന്നാൽ ഇക്കുറി തുക അൽപ്പം വലുതാണെന്ന് മാത്രം.[www.malabarflash.com]


പത്ത് ദിവസങ്ങൾക്ക് മുൻപാണ് ജയപാലൻ ഓണം ബംപറിലെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്തംബർ ഒൻപതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയിൽ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഈ തുക വാങ്ങാൻ പോയപ്പോഴാണ് ഓണം ബംപറും വാങ്ങിയത്. 

അന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ ഓണം ബംപറിന്റെ ടിക്കറ്റുകൾ നോക്കി. കണ്ടപ്പോൾ ഒരു ഫാൻസി നമ്പർ പോലെ തോന്നിയത് കൊണ്ടാണ് താൻ ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ പറഞ്ഞു. ടിഇ 645465 എന്ന നമ്പർ അങ്ങിനെ ജയപാലനെ ഈ വർഷത്തെ ഏറ്റവും വലിയ ഭാഗ്യവാനാക്കി മാറ്റി.

നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി മലയാളിയായ സെയ്ദലവി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. 

എന്നാൽ ടിക്കറ്റെടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഈ വാദം നിഷേധിച്ചു. ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാണെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് അപ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവിൽ കാനറാ ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് ജയപാലൻ താനാണ് ആ ഭാഗ്യവാനെന്ന് മലയാളികളോട് വിളിച്ചുപറഞ്ഞത്.

Post a Comment

0 Comments