Top News

സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതി; സ്ഥലമെടുപ്പിനുള്ള നടപടി ആരംഭിച്ചു

തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. വിവിധ ജില്ലകളില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുളള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചു.[www.malabarflash.com] 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസറകോട് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി എല്‍.എ.ആര്‍.ആര്‍. ആക്ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 

ഇതിനായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫിസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫിസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം. 

പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രി സഭ നേരത്തെ അനുമതി നല്‍കിയിരുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 2100 കോടി രൂപയും കിഫ്ബിയില്‍ നിന്ന് അനുവദിച്ചു. നാല് മണിക്കൂറുകൊണ്ട് കാസറകോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ഹൈസ്പീഡ് ട്രയിന്‍ സംവിധാനമാണ് ഇത്.

Post a Comment

Previous Post Next Post