NEWS UPDATE

6/recent/ticker-posts

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ്; പൂക്കോയ തങ്ങളുടെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് കണ്ടെടുത്തു, ജാമ്യാപേക്ഷ കോടതി തള്ളി

കാഞ്ഞങ്ങാട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസിലെ ഒന്നാംപ്രതി ടി.കെ പൂക്കോയ തങ്ങളുടെ വീട്ടില്‍ നിന്ന് ക്രൈംബ്രാഞ്ച് പാസ്പോര്‍ട്ട് കണ്ടെടുത്തു. കഴിഞ്ഞ ദിവസം പൂക്കോയ തങ്ങളെ അന്വേഷണസംഘം തെളിവെടുപ്പിനായി ചന്തേരയിലെ വീട്ടിലെത്തിച്ചാണ് പാസ്‌പോര്‍ട്ട് കണ്ടെടുത്തത്.[www.malabarflash.com]

പൂക്കോയ തങ്ങള്‍ കഴിഞ്ഞ പത്തുമാസത്തിനിടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായതായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. സുനില്‍കുമാര്‍ പറഞ്ഞു. 

ക്രൈംബ്രാഞ്ച് അന്വേഷണത്തെ തുടര്‍ന്ന് 2020 നവംബര്‍ ഏഴിന് ഒളിവില്‍ പോയ പൂക്കോയ തങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്. റിമാണ്ടിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. 

ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടറും കേസിലെ ഒന്നാംപ്രതിയുമായ പൂക്കോയ തങ്ങളെയും രണ്ടാംപ്രതി മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീനെയും  കാസര്‍കോട്ടെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ഫാഷന്‍ ഗോള്‍ഡില്‍ ഓഹരിവിഹിതം നല്‍കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ അത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ സമയമുണ്ടാകാറില്ലെന്നുമാണ് ജ്വല്ലറിയുടെ ചെയര്‍മാന്‍ കൂടിയായ ഖമറുദ്ദീന്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. 

ബംഗളൂരുവില്‍ സ്ഥലമെടുത്തത് പൂക്കോയ തങ്ങളുടെ പേരിലാണെന്നും ഇതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും സ്ഥലമെടുക്കാന്‍ പണം നല്‍കിയ ബാങ്ക് അക്കൗണ്ട് പോലും പൂക്കോയയുടെ പേരിലാണെന്നും ഇക്കാര്യം അറിഞ്ഞപ്പോള്‍ താന്‍ എതിര്‍ത്തിരുന്നെന്നും ഖമറുദ്ദീന്‍ പറഞ്ഞു. 

ചെയര്‍മാനും ഡയറക്ടര്‍മാരും അറിഞ്ഞുമാത്രമേ എല്ലാ ഇടപാടുകളും നടന്നിട്ടുള്ളൂവെന്ന് പൂക്കോയ തങ്ങള്‍ മൊഴി നല്‍കി. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ടുമണിക്കൂറാണ് നീണ്ടത്.

അതിനിടെ പൂക്കോയ തങ്ങളുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് (ഒന്ന്) കോടതി തള്ളി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്ന നിയമം അനുസരിച്ചുള്ള വകുപ്പ് ഈ കേസില്‍ നിലനില്‍ക്കില്ലെന്നും ഫാഷന്‍ ഗോള്‍ഡ് ധനകാര്യസ്ഥാപനമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 

പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്ന സമയമായതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു.

Post a Comment

0 Comments