Top News

പോലീസ് ചമഞ്ഞ് പച്ചക്കറി ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ

തൃശൂർ: പോലീസ് ചമഞ്ഞ് പച്ചക്കറി ലോറി തടഞ്ഞുനിർത്തി 96 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി സിറ്റി പോലീസിന്റെ പിടിയിൽ. ‘കൊടുവള്ളി പോലീസ് ഗ്യാങ്’ എന്ന പേരിൽ കുപ്രസിദ്ധമായ കുഴൽപണ കവർച്ചാ സംഘത്തിന്റെ തലവൻ കൊടുവള്ളി അവിലോറ സ്വദേശി റിതേഷ് (ആത്ത – 32) ആണ് അറസ്റ്റിലായത്.[www.malabarflash.com] 

പോലീസിന്റെ സ്റ്റിക്കർ പതിച്ച വാനുകളിലെത്തി കുഴൽപണം കടത്തുന്ന വണ്ടികൾ തടഞ്ഞുനിർത്തി കവർച്ച നടത്തുന്നതാണ് റിതേഷിന്റെ രീതി.

മാർച്ച് 22നു ‌കുട്ടനെല്ലൂരിൽ ദേശീയപാതയിലായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിലേക്കു കോയമ്പത്തൂരിൽ നിന്നു പച്ചക്കറിയുമായി പോകുകയായിരുന്ന ലോറി തടഞ്ഞ് 96 ലക്ഷം രൂപ കവർന്നെന്നാണു കേസ്. 

‘ഇലക്‌ഷൻ അർജന്റ്’ ബോർഡ് വച്ച കാറിലായിരുന്നു റിതേഷും സംഘവുമെത്തിയത്. പോലീസ് ആണെന്നു പരിചയപ്പെടുത്തി ലോറി ഡ്രൈവറെയും ക്ലീനറെയും ബലം പ്രയോഗിച്ചു കാറിൽ കയറ്റി അൽപദൂരം കൊണ്ടുപോയ ശേഷം തിരികെയെത്തിച്ച് ഇറക്കിവിടുകയായിരുന്നു.

ഇതിനകം റിതേഷിന്റെ സംഘത്തിലുള്ളവർ ലോറിയിൽ നിന്നു പണം കവർന്നിരുന്നു. 5 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും സംഘത്തലവനായ റിതേഷ് ഒളിവിലായിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിലായി ഒട്ടേറെ കവർച്ചാക്കേസുകളിൽ പ്രതിയാണ് റിതേഷ്. കവർന്ന പണം കണ്ടെടുക്കാൻ പോലീസ് ശ്രമം തുടരുന്നു.

കമ്മിഷണർ ആർ. ആദിത്യയുടെ മേൽനോട്ടത്തിൽ സ്പെഷൽ ബ്രാഞ്ച് എസിപി എം.കെ. ഗോപാലകൃഷ്ണൻ, ഒല്ലൂർ എസിപി കെ.സി. സേതു, എസ്ഐ അനുദാസ്, നിഴൽ പൊലീസ് എസ്ഐ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എഎസ്ഐ പി. രാഗേഷ്, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒ എം.എസ്. ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post