Top News

വീട്ടമ്മയെ ഫോണില്‍ ശല്യം ചെയ്ത കേസ്: മുഖ്യമന്ത്രി ഇടപെട്ടതിന് പിന്നാലെ അഞ്ച് പേര്‍ അറസ്റ്റില്‍

കോട്ടയം: വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച് ശല്യം ചെയ്ത കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക തൊഴിലാളിയുടേതെന്ന പേരിലാണ് പ്രതികള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ചത്. കേസില്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രതികളെ പിടികൂടുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.[www.malabarflash.com]

പാലക്കാട് സ്വദേശി നിഷാന്ത്, ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ രതീഷ് ആനാരി, ഷാജി, അനിക്കുട്ടന്‍, പാണംചേരി വിപിന്‍ എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയാണ് അന്വേഷണത്തിന് നേതൃത്വം വഹിച്ചത്. ചേരമര്‍ സംഘം മഹിളാ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ നമ്പറാണ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പ്രതികള്‍ പൊതുസ്ഥലങ്ങളിലും ശുചിമുറിയിലും എഴുതി വെച്ചത്. തുടര്‍ന്ന് വീട്ടമ്മക്ക് നിരന്തരം ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരുന്നു.

ശല്യമായതോടെ ഇവര്‍ പരാതി നല്‍കി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിക്കുകയും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രി പ്രതികരിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരെ 44 പേര്‍ വിളിച്ചതായാണ് പോലീസ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post