Top News

ഒമ്പത് ദിവസമായിട്ടും സൗഹാന്‍ കാണാമറയത്ത്; തെരച്ചിൽ നിർത്തി, രാത്രി ഓടിച്ചുപോയ വാഹനത്തില്‍ ദുരൂഹത

മലപ്പുറം: ഊർങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തിരച്ചിൽ നാട്ടുകാർ താൽക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒമ്പത് ദിവസം പിന്നിട്ടിട്ടും ഇതുവരെ വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.[www.malabarflash.com] 

ഇടമുറിയാതെ സൗഹാന് വേണ്ടിയുളള തെരച്ചിൽ വീടിന്റെ പരിസരത്തും വീടിനോട് ചേർന്ന വനപ്രദേശത്തും നടത്തിയ ശേഷമാണ് നാട്ടുകാർ തെരച്ചിൽ അവസാനിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേർന്ന് ചെക്കുന്ന് മലയുടെ സമീപത്തെ വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാൾ കണ്ടത്. കുരങ്ങിനെ പിൻതുടർന്ന് കാട്ടിലേക്ക് കയറിയെന്നായിരുന്നു അനുമാനം. തുടർന്ന് ചെക്കുന്ന് മല മുഴുവന്‍ നാട്ടുകാരും പോലീസും അരിച്ചുപെറുക്കിയിരുന്നു. എന്നിട്ടും നിരാശയായിരുന്നു ഫലം.

സംഭവ ദിവസം സൗഹാന്‍റെ വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. 

എന്നാൽ വനത്തിൽ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്‍റെ തീരോധാനത്തിൽ ദുരൂഹത വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post