Top News

വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിക്ക് 1.2 കോടി നഷ്ടപരിഹാരം


ദുബൈ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ മലയാളിക്ക് ഒരു കോടി 20 ലക്ഷം രൂപ(ആറ് ലക്ഷം ദിര്‍ഹം)നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ദുബൈ കോടതി. ഒരു വര്‍ഷത്തോളം നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞി(41)ക്ക് അനുകൂല കോടതി വിധി വന്നത്.[www.malabarflash.com]

2020 ജനുവരി 12ന് അല്‍ഐന്‍-അബുദാബി റോഡിലാണ് അപകടമുണ്ടായത്. റിജാസ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഡ്രൈവര്‍ക്ക് ട്രാഫിക് ക്രിമിനല്‍ കോടതി 5,000 ദിര്‍ഹം പിഴ വിധിച്ചു.

പരിക്കേറ്റ റിജാസിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സഹോദരിയുടെ ഭര്‍ത്താവ് ഇബ്രാഹിം കിഫ, സഹോദരന്‍ റിജാം മുഹമ്മദ് കുഞ്ഞി എന്നിവര്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ദുബൈ കോടതിയില്‍ സിവില്‍ കേസ് നല്‍കുകയായിരുന്നു. ഈ കേസിലാണ് അനുകൂല വിധി പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post