Top News

ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.75 കോടി തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍

ഉദുമ: ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് 2.75 കോടി തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കളനാട് അരമങ്ങാനം സുനൈബ് വില്ലയില്‍ കെ.എ മുഹമ്മദ് സുഹൈര്‍(32)ആണ് അറസ്റ്റിലായത്.[www.malabarflash.com]


വ്യത്യസ്ത സമയങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ 13 പേര്‍ കബളിപ്പിച്ചതായുളള കേസിലെ മുഖ്യപ്രതിയാണ് സുഹൈര്‍. ഇയാളുടെ വീട്ടില്‍ നിന്ന് മുക്കുപണ്ടം നിര്‍മിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍ നിന്ന് 2.75 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നതായി ബാങ്ക് മാനേജര്‍ റിജുവാണ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. ബേക്കല്‍ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാശം ബേക്കല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ സുഹൈര്‍ മാത്രം മൂന്ന് തവണയായി മുക്കുപണ്ടം പണയം വെച്ച് 22 ലക്ഷം രൂപയെടുത്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സുഹൈറിന്റെ പരിചയപ്പെടുത്തലിലൂടെയാണ് ബാങ്കില്‍ മറ്റുള്ളവരും എത്തിയതെന്ന് പോലീസ് പറഞ്ഞു. 

ഈ സംഘം പണയ പണ്ടമായി നല്‍കിയത് തിരൂര്‍ പൊന്ന് എന്ന പേരിലുള്ള ചെമ്പില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണെന്ന് ബാങ്ക് മാനേജര്‍ പൊലീസില്‍ മൊഴി നല്‍കി. മാലകളാണ് കൂടുതലും പണയം വെച്ചിട്ടുള്ളത്. മാലയുടെ കൊളുത്ത് മാത്രമാണ് സ്വര്‍ണം. കൊളുത്ത് മാത്രമാണ് സ്വര്‍ണമാണോ എന്ന് പരിശോധിക്കാറുള്ളത്. മറ്റുള്ള ഭാഗം പരിശോധന നടത്താത്തത് തട്ടിപ്പുകാര്‍ക്ക് സഹായമായി.

മുഹമ്മദ് സുഹൈറിന് പുറമെ ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളായ ഹസന്‍, റുഷൈദ്, അബ്ദുല്‍ റഹീം, എം. അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാഷിം, ഹാരിസുള്ള എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.

Post a Comment

Previous Post Next Post