NEWS UPDATE

6/recent/ticker-posts

മഹാരാഷ്​ട്ര ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി; 20​ നേതാക്കൾ രാജിവെച്ചു

മുംബൈ: മുതിർന്ന ബി.ജെ.പി നേതാവും മുൻ​കേന്ദ്രമന്ത്രിയുമായ പരേതനായ ഗോപിനാഥ്​ മുണ്ടെയുടെ മകൾ പ്രീതം മുണ്ടെ എം.പിയെ കേന്ദ്രമന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച്​ മഹാരാഷ്​ട്ര ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി. പാർട്ടി ബീഡ് ജില്ല ജനറൽ സെക്രട്ടറി ഉൾപ്പെടെ 20ഓളം നേതാക്കൾ രാജിവെച്ചു.[www.malabarflash.com]


ബീഡ് ജില്ലാ പരിഷത്ത് അംഗം, പഞ്ചായത്ത് സമിതി അംഗം, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, സ്റ്റുഡന്‍റ്​ വിങ്​ പ്രസിഡന്‍റ്​, ജില്ലാ വൈസ് പ്രസിഡന്‍റ്​, തഹസിൽ പ്രസിഡന്‍റ്​, ബി.ജെ.പി യുവജന വിഭാഗം ജില്ലാ വൈസ് പ്രസിഡന്‍റ്​​ എന്നിവരാണ്​ രാജിവെച്ചത്​. രാജിക്കത്ത്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ രാജേന്ദ്ര മാസ്‌കെയ്ക്ക് കൈമാറിയതായി ഇവർ അറിയിച്ചു.

''വിപുലീകരിച്ച മന്ത്രിസഭയിൽ പ്രീതം മുണ്ടെ​ മന്ത്രിയാകുമെന്ന്​​ ഏതാണ്ട്​ ഉറപ്പിച്ചതായിരുന്നു. ജില്ലയിലെ മുഴുവൻ ബിജെപി പ്രവർത്തകരും ഈ പ്രതീക്ഷയിലായിരുന്നു​. പക്ഷേ അവസാന നിമിഷം അവരെ പുറത്താക്കി. അന്തിമ പട്ടികയിൽനിന്ന്​ പ്രീതം മുണ്ടെയെ വെട്ടി. പ്രവർത്തകരുടെ സ്വപ്നം തകർന്നു. ഞങ്ങളുടെ നേതാക്കളെ ബഹുമാനിക്കാത്ത പാർട്ടിയിൽ എന്തിന്​ നിൽക്കണം? ഞാൻ ഈ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണ്" -ബി.ജെ.പി ബീഡ് ജില്ല ജനറൽ സെക്രട്ടറി സർജറാവു ടണ്ട്​ലെ പറഞ്ഞു.

പ്രീതം മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് പാർട്ടി പ്രവർത്തകർ ഉറച്ചുവിശ്വസിച്ചിരുന്നതായി പ്രീതം മുണ്ടെയുടെ സഹോദരിയും ബിജെപി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെ പറഞ്ഞു. എന്നാൽ, പാർട്ടി എടുക്കുന്ന ഏത് തീരുമാനവും പ്രവർത്തകർ എന്ന നിലയിൽ താനും സഹോദരിയും അനുസരിക്കുമെന്നും മഹാരാഷ്ട്ര മുൻ മന്ത്രി കൂടിയായ പങ്കജ വ്യക്​തമാക്കി. കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്തതിൽ പ്രീതം അസ്വസ്ഥയാണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും അവർ പറഞ്ഞു.

അതേസമയം പ്രീതമിനെ അവഗണിച്ച്​, ഔറംഗാബാദിൽനിന്നുള്ള വഞ്ചാര സമുദായ നേതാവും രാജ്യസഭ എംപിയുമായ ഡോ. ഭഗവത് കരാദിനെ മന്ത്രിയായി നിയമിച്ചതും ബീഡ്​ ജില്ലയിലെ പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്​.

Post a Comment

0 Comments