NEWS UPDATE

6/recent/ticker-posts

കൊച്ചി വഴിയുളള യാത്ര ഒഴിവാക്കി പ്രഫുല്‍ പട്ടേല്‍; കരിങ്കൊടിയും കറുത്ത വസ്ത്രവുമണിഞ്ഞ്‌ ദ്വീപ് ജനത

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തുന്നത് ഗോവ വഴി. കൊച്ചി വഴിയുളള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവാക്കി. 12.30-ന്‌ പട്ടേല്‍ അഗത്തിയിലെത്തും.[www.malabarflash.com]

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ കേരളത്തിലുള്‍പ്പടെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ദ്വീപിലേക്ക് ഗോവ വഴി പോകാന്‍ പട്ടേല്‍ തീരുമാനിച്ചതെന്നാണ് സൂചന. യാത്രയുടെ വഴി മാറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടുകയാണെന്ന് യു.ഡി.എഫ്. ആരോപിച്ചു.

അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്ത ശേഷമുളള അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണ് ഇത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുന്നത്. ദ്വീപിലെ ഊര്‍ജസ്വകാര്യവത്കരണം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, എന്‍.ഐ.ഒ.ടി. പ്ലാന്റുകള്‍, കവരത്തി ഹെലിബേസ് എന്നിവയില്‍ വിവിധ വകുപ്പുമേധാവികളുമായി ചര്‍ച്ച നടത്തും.

കവരത്തിയിലെ ആശുപത്രി നിര്‍മാണസ്ഥലം സന്ദര്‍ശിക്കും. അഗത്തിയില്‍നിന്ന് 20-ന് തിരിച്ചുവരും. പ്രതിഷേധങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നതിനാല്‍ അഗത്തിയില്‍ വിമാനമിറങ്ങി കവരത്തിയിലേക്കു മാത്രമാണ് യാത്ര. മറ്റു ദ്വീപുകള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നില്ല.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്ന ഇന്ന് കരിദിനമായാണ് ദ്വീപ് ജനത ആചരിക്കുന്നത്. കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് വീടുകളില്‍ കറുത്തകൊടി ഉയര്‍ത്തി കൈയില്‍ 'പിറന്നമണ്ണില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുക'യെന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ച് ശാന്തമായാണ് ദ്വീപ് ജനത പ്രതിഷേധിക്കുന്നത്.

പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വീടുകളിലെ കരിങ്കൊടികള്‍ എടുത്തുമാറ്റണമെന്ന് ദ്വീപ് ജനതയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ എങ്ങനെ അതിനോട് അങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

തങ്ങളുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുളള പ്രതിഷേധ പരിപാടികളാണ് സേവ് ലക്ഷദ്വീപ് ഫോറം ആസൂത്രണം ചെയ്തിട്ടുളളത്.

ഭരണപരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററെ കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിരുന്നു. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

അതേസമയം, ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദ്വീപില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളെ പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചിരുന്നു. ലക്ഷദ്വീപിനെ ടൂറിസം കേന്ദ്രമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടുളള പരിഷ്‌കാരങ്ങളാണ് നടത്തുന്നതെന്നും മാലദ്വീപ് പോലെ മികച്ച ടൂറിസം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments