Top News

അഴുക്കുചാൽ വൃത്തിയാക്കുന്നതിൽ വീഴ്ച; കോൺട്രാക്ടറെ വെള്ളക്കെട്ടിലിരുത്തി മാലിന്യത്തില്‍ കുളിപ്പിച്ച് എംഎല്‍എ

മുംബൈ: അഴുക്കുചാൽ വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ കോൺട്രാക്ടറെ വെള്ളക്കെട്ടിലിരുത്തി തലയിലൂടെ മാലിന്യമിട്ട് എംഎല്‍എ. കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ മുംബൈയില്‍ പലയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. ഇതിനിടയിലാണ് അഴുക്കുചാൽ വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ശിവസേന എംഎല്‍എ ദിലീപ് ലാൻഡേ കോൺട്രാക്ടറെ മാലിന്യത്തിൽ കുളിപ്പിച്ചത്.[www.malabarflash.com]


മുംബൈയിലെ ചാന്ദിവലി മേഖലയിൽ നിന്നാണ് ഇങ്ങനെയൊരു ക്രൂര സംഭവം നടന്നത് . വെള്ളക്കെട്ട് രൂക്ഷമായ ഇവിടെ ഓട വൃത്തിയാക്കാൻ ശനിയാഴ്ച എംഎൽഎ പാർട്ടി പ്രവർത്തകരോടൊപ്പം നേരിട്ട് എത്തുകയായിരുന്നു. ഇതറിഞ്ഞ കോൺട്രാക്ടറും പിന്നാലെ സ്ഥലത്തെത്തി. 

ഓടയിൽ നിന്ന് മാലിന്യം നീക്കി തുടങ്ങിയ ശിവസേനാ പ്രവർത്തകർ കോൺട്രാക്ടറെ കയ്യേറ്റം ചെയ്യുകയും എംഎൽഎയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ കുളിപ്പിക്കുകയുമായിരുന്നു. സഹായം തേടി പലരെയും ഫോൺ വിളിക്കാൻ കോൺട്രാക്ടർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാമെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളുടെ ചോദ്യത്തിന് താനാണ് മറുപടി പറയേണ്ടതെന്നും ജോലിയിൽ വീഴ്ച വരുത്തുന്നവ‍ർക്ക് ഇതൊരു പാഠമാകട്ടെയെന്നും പറഞ്ഞുകൊണ്ടായിരുന്നു എംഎൽഎ ദിലീപ് ലാൻഡേയുടെ ക്രൂരത.

ഇത് കോൺട്രാക്ടറിൽ നിന്ന് കമ്മീഷൻ കിട്ടാത്തതിന്‍റെ പ്രതികാരമാവാമെന്ന് ബിജെപി പരിഹസിച്ചു. ശിവസേനയുടെ സഖ്യകക്ഷിയായ കോൺഗ്രസിന് നേരെയും ബിജെപി ആരോപണമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസമായി മുംബൈയിൽ കനത്ത മഴ തുടരുകയാണ് . പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷവുമാണ്. ഓടകൾ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ഇത്തവണയും ആക്ഷേപം ഉയർന്നിരുന്നു

Post a Comment

Previous Post Next Post