NEWS UPDATE

6/recent/ticker-posts

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പ്രവേശന വിലക്ക് നീക്കി

ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് നേരിട്ട് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി. യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച സാധുവായ റസിഡൻസ് വിസയുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ നിന്നും ദുബൈയിലെത്താം. ജൂൺ 23 മുതൽ ഇത് നിലവിൽ വരും.[www.malabarflash.com]

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത പി സി ആർ പരിശോധന നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യു എ ഇ പൗരന്മാരെ ഈ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ക്യുആർ കോഡ് ചെയ്ത നെഗറ്റീവ് പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം. ദുബൈയിലെത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും പി സി ആർ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിനിൽ കഴിയണം. യു എ ഇ പൗരന്മാരെയും നയതന്ത്രജ്ഞരെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം.

ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും യാത്രാ നിയമങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് -19 നെ പ്രതിരോധിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നിയമങ്ങൾ പാലിക്കുമ്പോൾ തന്നെ യാത്രക്കാരെ സംരക്ഷിക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഏപ്രിൽ മാസത്തിലാണ് ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്.


പുതിയ നിയന്ത്രണങ്ങൾ
  • യാത്രക്കാർ യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം
  • 48 മണിക്കൂറിനുള്ളിലെ പി സി ആർ ഫലം കൈവശം വേണം
  • പി സി ആർ ഫലത്തിൽ ക്യു ആർ കോഡ് നിർബന്ധം
  • വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം
  • ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയാൽ പി സി ആർ പരിശോധനക്ക് വിധേയമാകണം
  • പി സി ആർ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയിൽ ഇൻസ്റ്റിറ്റ്യൂഷൺ ക്വാന്റയിൻ കഴിയണം. 24 മണിക്കൂറിനകം ഫലം വരും.

Post a Comment

0 Comments