NEWS UPDATE

6/recent/ticker-posts

ബേക്കൽ അഴിമുഖത്ത് മണൽ വാരൽ തകൃതി; തോണി പോലീസ് നശിപ്പിച്ചു

ഉദുമ: ബേക്കല്‍ അഴിമുഖം കേന്ദ്രീകരിച്ച് മണല്‍ കടത്ത് ശക്​തമായതോടെ മത്സ്യത്തൊഴിലാളികൾ രംഗത്ത്. ഞായറാഴ്ച പുലർച്ച ബേക്കല്‍ അഴിമുഖത്തുനിന്ന് മണല്‍ കടത്തുകയായിരുന്ന ലോറിയും ഇതിനുപയോഗിച്ച ഫൈബര്‍ ബോട്ടും നാട്ടുകാര്‍ പിടികൂടി.[www.malabarflash.com]

മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് ബേക്കല്‍ അഴിമുഖത്തോട് ചേര്‍ന്നുള്ള പാലത്തിന് സമീപത്തുനിന്ന്​ ഒരുസംഘം ചാക്കുകെട്ടുകളില്‍ നിറച്ച മണല്‍ കടത്തുന്നത് കണ്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ പോലീസ് ടിപ്പറും ഫൈബര്‍ ബോട്ടുകളും പിടിച്ചെടുത്തു. മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച നാട്ടുകാരെ അപായപ്പെടുത്തി സംഘം രക്ഷപ്പെടുന്നതിനിടെ മണല്‍ കടത്താനുപയോഗിച്ച ടിപ്പര്‍ പുഴയിലേക്ക് മറിഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഇവിടെനിന്ന്​ മണല്‍ കടത്തുന്നത്. പള്ളിക്കര, ബേക്കല്‍ അഴിമുഖങ്ങളില്‍നിന്ന്​ മണല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച പലര്‍ക്കും വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.

ബേക്കല്‍ ഡിവൈ.എസ്.പി കെ.എം. ബിജുവിൻെറ നേതൃത്വത്തിലുള്ള പോലീസ് സംഘം ടിപ്പര്‍ കസ്​റ്റഡിയിലെടുക്കുകയും മണല്‍ കടത്താന്‍ ഉപയോഗിച്ച രണ്ട് ഫൈബര്‍ ബോട്ടുകള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു. ബേക്കല്‍ അഴിമുഖത്ത് നൂറുകണക്കിന് ചാക്ക് മണലാണ് കടത്തുന്നതിനായി കൂട്ടിയിട്ടത്.

ഇത്തരത്തില്‍ മണല്‍ കടത്തുന്നതിനെതിരെ വര്‍ഷങ്ങളായി ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നുണ്ടെങ്കിലും ഇതുവരെയും ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്നും പരാതിയുണ്ട്. 

അഴിമുഖത്തുനിന്ന്​ മണല്‍ കടത്തുന്നതിനാല്‍ കടല്‍വെള്ളം പുഴയിലേക്ക് കയറി സമീപത്തെ കിണറുകളില്‍ ഉപ്പുവെള്ളം കയറുന്നതുകൊണ്ടുതന്നെ ഇവിടത്തെ 300ഓളം വരുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളംപോലും കിട്ടാത്ത അവസ്ഥയുമുണ്ട്. മണല്‍ കടത്ത് ശക്തമായ മേഖലയില്‍ പോലീസ് പരിശോധന ശക്​തമാക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ബേക്കല്‍ പോലീസി‍െൻറ നേതൃത്വത്തില്‍ പള്ളിക്കരയിലും ബേക്കല്‍ അഴിമുഖത്തും രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന ശക്തമാക്കുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി അറിയിച്ചു.

Post a Comment

0 Comments