NEWS UPDATE

6/recent/ticker-posts

തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയം: ജലീല്‍

മലപ്പുറം: തെരഞ്ഞെടുപ്പിലുണ്ടായത് ജനകീയ കോടതിയുടെ വിജയമാണെന്ന് കെ ടി ജലീല്‍. തവനൂരില്‍ എല്ലാ രാഷ്ട്രീയ അവിശുദ്ധ ബാന്ധവവും അരങ്ങേറിയ തെരഞ്ഞെടുപ്പാണിത്.[www.malabarflash.com]

ജമാഅത്തെ ഇസ്ലാമി, ബിജെപി, എസ്ഡിപിഐ എന്നിവരെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ 16,000ത്തിന് അടുത്ത് വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ആറായിരത്തിനടുത്ത് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

എസ്ഡിപിഐക്കും വെല്‍ഫെയര്‍ പാര്‍ടിക്കും വോട്ട് കുറഞ്ഞു. വര്‍ഗീയ ശക്തികളെല്ലാം ഒന്നിച്ചുനിന്നിട്ടും അതിനെ അതിജീവിക്കാനായി. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച ആശയാദര്‍ശങ്ങള്‍ക്കുള്ള അംഗീകാരമാണ് വിജയമെന്നും ജലീല്‍ പറഞ്ഞു.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌
അങ്ങിനെ മൂന്നാം തവനൂർ യുദ്ധവും LDF ജയിച്ചു. കേരളം വീണ്ടും ഇടതുമുന്നണി ഭരിക്കും. സഖാവ് പിണറായി വിജയൻ കാലാവധി പൂർത്തിയാക്കി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുന്ന പ്രഥമ ഭരണത്തലവനെന്ന ഖ്യാതിനേടി ഒരുപക്ഷേ കേരളത്തിൽ അടുത്തൊന്നും ഭേദിക്കപ്പെടാത്ത റെക്കാർഡിൻ്റെ ഉടമയുമാകും.

മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെയുള്ള മുഴുവൻ ദുശ്ശക്തികളും സർവായുധ വിഭൂഷിതരായി അണിനിരന്ന് പടനയിച്ചിട്ടും തവനൂർ മണ്ഡലം നേരിൻ്റെ പക്ഷത്തെയാണ് നെഞ്ചോട് ചേർത്തുവെച്ചത്. 

കുപ്രചരണങ്ങളുടെ കുത്തൊഴുക്കിലും സത്യം തിരിച്ചറിഞ്ഞ മുഴുവൻ ജനങ്ങളോടും ജീവിതാന്ത്യംവരെ ഈയുള്ളവൻ കടപ്പെട്ടിരിക്കും. UDF തകർന്നടിഞ്ഞ തെരഞ്ഞെടുപ്പിൽ കേളപ്പജിയുടെയും മഹാകവി വള്ളത്തോളിൻ്റെയും മണ്ണിൽ നിന്ന് ചാരിറ്റി മാഫിയാ തലവൻ വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. 

2006 ൽ കുറ്റിപ്പുറത്ത് സർവ തിൻമകളുടെയും വടവൃക്ഷത്തെയാണ് കടപുഴക്കി വീഴ്ത്തിയതെങ്കിൽ 2021 ൽ തവനൂരിൽ പിഴുതെറിഞ്ഞത് കാപട്യത്തിൻ്റെ ജീവൽ പ്രതീകങ്ങളെയാണെന്ന വ്യത്യാസമേയുള്ളൂ. 

ലീഗുകാരനെ കോൺഗ്രസ്സ് കുപ്പായമിടിയിച്ച് നിർത്തി ലീഗ് - കോൺഗ്രസ്സ് വോട്ടുകൾ ഒരു പെട്ടിയിൽ വീഴ്ത്തിയും ബി.ജെ.പിയുടെ നല്ലൊരു ശതമാനം വോട്ടുകൾ വിലക്ക് വാങ്ങിയും വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ സ്വരൂപിച്ചും എസ്.ഡി.പി.ഐ യെ കൂടെ നിർത്തിയും ഇടതുപക്ഷത്തെ തോൽപ്പിച്ച് എന്നെ രാഷ്ട്രീയ വനവാസത്തിനയക്കാമെന്ന ലീഗ് മോഹത്തിൻ്റെ സ്വപ്നപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്, തവനൂർ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലുള്ള ഉൽബുദ്ധരായ വോട്ടർമാർ അടിച്ചു കയറ്റിയിരിക്കുന്നത്. 

ലോകം മുഴുവൻ വേട്ടയാടിയാലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യത്തോടെ മനസ്സാക്ഷിയുടെ മുന്നിലും മാലോകരുടെ മുന്നിലും തലകുനിക്കാതെ നിൽക്കാൻ സാധിക്കുമെങ്കിൽ സധൈര്യം മുന്നോട്ടു പോകാമെന്നതിൻ്റെ പരസ്യ പ്രഖ്യാപനവും കൂടിയാണ് ഈ മിന്നും ജയം.

രാഷ്ട്രീയ എതിരാളികളും ഇടതുപക്ഷ വിരുദ്ധത തലക്കുപിടിച്ച ചിലരും നയാഗ്രാ വെള്ളച്ചാട്ടം കണക്കെ അപവാദപ്രചരണങ്ങളുടെ കെട്ടഴിച്ചുവിട്ട് രാഷ്ട്രീയമായി കൊല്ലാകൊല ചെയ്തിട്ടും അടയാഭരണങ്ങളില്ലാത്ത എന്നെപ്പോലെ ഒരു സാധാരണ പൊതുപ്രവർത്തകനിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഒരു പോറൽ പോലുമേൽപ്പിക്കാൻ കഴിയാതെ പോയത് സത്യത്തിന് അത്രയും വലിയ തെളിച്ചമുള്ളത് കൊണ്ടാണ്. 

ചാനൽ അവതാരകരായ സുഹൃത്തുക്കളോടും അന്തിച്ചർച്ചകളിൽ പങ്കെടുക്കുന്ന രാഷ്ട്രീയക്കാരും അല്ലാത്തവരുമായ സ്നേഹിതരോടും ഒരഭ്യർത്ഥനയേ ഉള്ളൂ; തങ്ങൾ വേട്ടയാടിപ്പിടിച്ച് കടിച്ച്കുടഞ്ഞ് വലിച്ചുകീറിയെറിഞ്ഞ് 'രാഷ്ട്രീയമരണം' വിധിക്കുന്ന ഇരകളുടെ മനസ്സിലേക്കും ജീവിതത്തിലേക്കും എപ്പോഴെങ്കിലുമൊന്ന് എത്തിനോക്കി നിജസ്ഥിതി മനസ്സിലാക്കാൻ ശ്രമിക്കുക. 

തട്ടിപ്പൻമാരോടും വെട്ടിപ്പൻമാരോടും അഴിമതിക്കാരോടും 'ദയ' കാണിക്കണമെന്നല്ല, ജീവിതത്തിൽ ഒരു ചില്ലിപ്പൈസ അവിഹിതമായി ദേഹത്തെവിടെയുമാകാതെ സൂക്ഷ്മത പുലർത്തിയവരോടെങ്കിലും ഒരു ദാക്ഷിണ്യമായിക്കൂടെ? മഹാകവി കുമാരനാശാൻ്റെ വരികൾ ഉദ്ധരിച്ച് ഞാനീകുറിപ്പ് ചുരുക്കുകയാണ്. ''മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കി-ലുദേശ്യശുദ്ധിയാല്‍ മാപ്പ്നല്‍കിന്‍''

സത്യവും അസത്യവും നന്മയും തിന്മയും നീതിയും അനീതിയും ന്യായവും അന്യായവും വിവേചിച്ചറിഞ്ഞ സ്നേഹനിധികളായ തവനൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് കാണിക്കയായി സമർപ്പിക്കാൻ എൻ്റെ കയ്യിൽ ശേഷിപ്പായി ഉള്ളത് ശിഷ്ടകാല ജീവിതം മാത്രമാണ്. 

ജനങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും സ്നേഹത്തിനും അതുപോലും പകരമാവില്ലെന്ന് എനിക്കറിയാം. തീർത്താൽ തീരാത്ത കടപ്പാടിൻ്റെ സൂചകമായി അതെങ്കിലും ഈ വിനീതനായ സേവകനിൽ നിന്ന് ജനായത്തത്തിലെ യഥാർത്ഥ യജമാനൻമാരായ സമ്മതിദായകർ സ്വീകരിച്ചാലും.

കേരളം LDF ന്, പിണറായി തരംഗം ആഞ്ഞടിച്ചു, തവനൂരിൽ വീണ്ടും ചെങ്കൊടി പാറി. -------------------------- അങ്ങിനെ മൂന്നാം തവനൂർ...

Posted by Dr KT Jaleel on Sunday, 2 May 2021

Post a Comment

0 Comments