NEWS UPDATE

6/recent/ticker-posts

കാസർകോട്ടേയ്ക്ക് ഓക്സിജൻ അയയ്ക്കരുതെന്ന് കർണാടകം

കാസർകോട്: കേരളത്തിലേക്ക് ഓക്സിജന്റെ വിതരണം തടസപ്പെടുത്തി ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ്. മംഗളൂരു ബൈകമ്പാടി മലബാർ ഓക്സിജൻ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് കാസർകോട്ടേക്ക് ഓക്സിജൻ എത്തുന്നത്.[www.malabarflash.com]

ദിവസം 35 സിലിണ്ടർ വരെ കാസർകോട്ടെ ആശുപത്രികൾക്ക് വിതരണം ചെയ്യാറുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഓക്സിജൻ എടുക്കാൻ ചെന്നപ്പോഴാണ് ഉദ്യോഗസ്ഥർ ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവ് പ്രകാരം ഓക്സിജൻ വിതരണം നിറുത്തിവച്ചതായി അറിയിച്ചത്. അടിയന്തര സാഹചര്യം അറിയിച്ചതിനാൽ വെറും നാലു സിലിണ്ടർ ഓക്സിജനുമായി ഒരു വണ്ടി മടങ്ങി. ഇപ്പോഴും രണ്ട് വാഹനങ്ങൾ കാത്ത് കിടക്കുകയാണ്.

കഴിഞ്ഞയാഴ്ച അഞ്ച് ദിവസം വരെ മംഗളൂരിൽ ഓക്സിജൻ വിതരണം തടസപെട്ടിരുന്നു. ആ സമയത്ത് പാലക്കാട് നിന്നാണ് ഓക്സിജൻ എത്തിച്ചത്. 800 ജംബോ സിലിണ്ടറുകൾ പാലക്കാട് നിന്ന് എത്തിയതായി ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ തന്നെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മംഗളൂരിലെയും പരിസരത്തേയും ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയെന്ന് പറഞ്ഞാണ് കേരളത്തിലേക്കുള്ള വിതരണം തടഞ്ഞിരിക്കുന്നത്.

വടക്കൻ കേരളത്തിലെ പല ആശുപത്രികളും ഓക്സിജനായി മംഗളൂരിലെ പ്ലാന്റിനെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഓക്സിജന്റെ സ്റ്റോക്ക് തീർന്ന അവസ്ഥയിലാണ്. ചില ആശുപത്രികളിൽ ഓക്സിജൻ തീർപ്പോൾ കാസർകോട്ടെ തന്നെ മറ്റ് ആശുപത്രികളിൽ നിന്നാണ് എത്തിച്ചത്.

സർക്കാരോ കാസർകോട് കളക്ടറോ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാകാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Post a Comment

0 Comments