NEWS UPDATE

6/recent/ticker-posts

കന്നി ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് നിരാശ; ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം

പോര്‍ട്ടോ: എസ്റ്റുഡിയോ ഡോ ഡ്രാഗാവോയില്‍ ഒടുവില്‍ തോമസ് ടുച്ചലിന്റെ കുട്ടികളുടെ ചിരി. കന്നി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് നിരാശ. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി.[www.malabarflash.com]


43-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്‌സാണ് ചെല്‍സിയുടെ വിജയ ഗേള്‍ നേടിയത്. മാസണ്‍ മൗണ്ടിന്റെ ത്രൂ പാസില്‍ നിന്നായിരുന്നു കായ് ഹാവെര്‍ട്‌സിന്റെ ഗോള്‍. പന്ത് സ്വീകരിച്ച ഹാവെര്‍ട്‌സ് സിറ്റി ഗോള്‍കീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്.

ചെല്‍സിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. മുമ്പ് രണ്ടുവട്ടം ഫൈനല്‍ കളിച്ച ചെല്‍സി 2012-ല്‍ ജേതാക്കളായിരുന്നു. 2008-ല്‍ തോറ്റു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലീഗ് കപ്പും നേടിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് നേടി ഹാട്രിക്ക് തികയ്ക്കാന്‍ സാധിച്ചില്ല. കിരീടം നേടിയിരുന്നെങ്കില്‍ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകന്‍ എന്ന നേട്ടം പെപ് ഗ്വാര്‍ഡിയോളക്ക് സ്വന്തമാക്കാമായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റില്‍ തന്നെ മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് സിറ്റിക്കായിരുന്നു. എഡേഴ്‌സന്റെ പാസ് ലഭിച്ച സ്റ്റെര്‍ലിങ്ങിന് പക്ഷേ ലക്ഷ്യം കാണാനായില്ല.

10-ാം മിനിറ്റില്‍ തിമോ വെര്‍ണര്‍ക്ക് ബോക്‌സില്‍വെച്ച് പന്ത് ലഭിച്ചെങ്കിലും താരത്തിന് അവസരം മുതലാക്കാനായില്ല. 15-ാം മിനിറ്റലും വെര്‍ണര്‍ക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് സൈഡ് നെറ്റിലേക്ക് പോകുകയായിരുന്നു.

27-ാം മിനിറ്റില്‍ ഫില്‍ ഫോഡന് ലഭിച്ച അവസരം കൃത്യമായ ടാക്കിളിലൂടെ റൂഡിഗര്‍ തടഞ്ഞു. സിറ്റിയുടെ ഉറച്ച ഗോളവസരമായിരുന്നു അത്.

39-ാം മിനിറ്റില്‍ പരിക്കേറ്റ് തിയാഗോ സില്‍വ മടങ്ങിയത് ചെല്‍സിക്ക് ക്ഷീണമായി.

Post a Comment

0 Comments