NEWS UPDATE

6/recent/ticker-posts

നാട്​ ശവപ്പറമ്പായപ്പോൾ ഉല്ലാസയാത്ര പോയ സെലിബ്രിറ്റികൾക്ക്​ ലജ്ജിക്കാം; ഈ നടൻ വിവാഹത്തിന്​ ചെലവഴിച്ചത്​ 150 രൂപ

മുംബൈ: കോവിഡ്​ മഹാമാരിയുടെ രണ്ടാം താണ്ഡവത്തിന്​​ മുന്നിൽ രാജ്യം തരിച്ചുനിൽക്കു​മ്പോൾ വ്യക്തിപരമായ ആഘോഷങ്ങൾക്ക്​ ജീവിതത്തിൽ യാതൊരു പ്രസക്​തിയും ഇല്ലെന്ന സന്ദേശം​ സ്വന്തം ജീവിതത്തിലൂടെ നൽകുകയാണ്​ നടൻ വിരാഫ്​ പ​ട്ടേൽ.[www.malabarflash.com]

തന്‍റെ വിവാഹാഘോഷത്തിന്​ മാറ്റിവെച്ച പണം മുഴുവൻ കോവിഡ്​ രോഗികളെ സഹായിക്കാനായി സംഭാവന ചെയ്​താണ്​ അദ്ദേഹം മാതൃക കാട്ടിയത്​. ബാന്ദ്രയിലെ കോടതിയിൽ വെച്ച്​ വളരെ ലളിതമായി നടത്തിയ വിവാഹത്തിന്​ ചെലവായതാക​ട്ടെ ആകെ 150 രൂപയും.

'നാംകരൺ' എന്ന ജനപ്രിയ ഹിന്ദി സീരിയലിലെ നായകനാണ്​ വിരാഫ്​ പ​ട്ടേൽ. കോവിഡ്​ ഒന്നടങ്ങിയപ്പോൾ വിവാഹം വൻ ആഘോഷമാക്കി നടത്താനുള്ള ആലോചനയിലായിരുന്നു വിരാഫ്​ പ​ട്ടേലും വധു സലോനി ഖന്നയും. എന്നാൽ, കോവിഡ്​ വീണ്ടും ശക്​തി പ്രാപിച്ചതോടെ ചുറ്റുമുള്ള ആളുകൾ കടുത്ത യാതന അനുഭവിക്കുന്നത്​ കണ്ട്​ തീരുമാനം മാറ്റുകയായിരുന്നു. 

ഈമാസം ആറിനായിരുന്നു ഇവരുടെ വിവാഹം. വിവാഹ രജിസ്​ട്രേഷന്​ വേണ്ടി 100 രുപയും ഫോ​ട്ടോസ്റ്റാറ്റുകൾക്കു​വേണ്ടി 50 രൂപയും മാത്രമാണ്​ ചെലവായതെന്ന്​ വിരാഫ്​ പറയുന്നു.

ആരതി, നിതിൻ മിറാനി, സകേത്​ സേഥി എന്നീ മൂന്ന്​ സുഹൃത്തുക്കൾ മാത്രമാണ്​ വിവാഹത്തിൽ പ​ങ്കെടുത്തത്​. സലോനിയുടെ അമ്മക്ക്​ പ​ങ്കെടുക്കാൻ കഴിയാഞ്ഞതിനാൽ പാഴ്​സി ആചാരപ്രകാരമുള്ള ചടങ്ങുകളിൽ അമ്മയുടെ സ്​ഥാനത്ത്​ നിന്നത്​ വിരാഫിന്‍റെ അയൽവാസിയായ രസ്​നയാണ്​. 

ഇവർക്കെല്ലാമൊപ്പം ഒരു നേരത്തെ ഭക്ഷണവും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള വിഡിയോ ചാറ്റും മാത്രമായിരുന്നു ആകെയുള്ള ആഘോഷമെന്ന്​ വിരാഫ്​ പറയുന്നു. 

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായി ഓക്​സിജൻ ലഭിക്കാതെ ആളുകൾ മരിച്ചുവീഴുമ്പോൾ ഉല്ലാസയാത്രക്ക്​ പോയ ബോളിവുഡ്​ സെലിബ്രിറ്റികൾ ഏറെ വിമർശനം നേരിട്ട പശ്​ചാത്തലത്തിലാണ്​ വിരാഫിന്‍റെ പ്രവൃത്തിക്ക്​ മഹത്വമേറുന്നത്​.

കഴിഞ്ഞ വർഷം ലോക്​ഡൗണിന്​ മുമ്പാണ്​ ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്​. കാര്യങ്ങൾ സാധാരണഗതിയിലേക്ക്​ നീങ്ങിയ ശേഷം ഈവർഷം മേയിൽ മതി വിവാഹം എന്നാണ്​ തീരുമാനിച്ചിരുന്നത്​. പക്ഷേ, സ്​ഥിതിഗതികൾ വഷളായതോടെ ലളിതമായി നടത്താൻ തീരുമാനിക്കുകയായിരുന്നു. വിരാഫിന്‍റെയും സലോനിയുടെയും തീരുമാനത്തില്‍ ഇരു കുടുംബങ്ങള്‍ക്കും തുടക്കത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍, അവരെ കാര്യം പറഞ്ഞു മനസ്സിലാക്കിയതോടെ എല്ലാം സുഗമമായെന്ന്​ വിരാഫ് പട്ടേല്‍ പറയുന്നു.

'ചുറ്റും ആളുകള്‍ മരിച്ചു വീഴു​മ്പോൾ ഇത്തരം ആഘോഷങ്ങള്‍ക്ക് യാതൊരു പ്രസക്തിയില്ല. അങ്ങനെ ചെയ്യാൻ എന്‍റെ മനഃസാക്ഷി അനുവദിച്ചുമില്ല. വിവാഹ ചടങ്ങുകൾക്ക്​ അല്ല, വിവാഹ ജീവിതത്തിനാണ് പ്രസക്തി. ആഡംബരമായി വിവാഹം നടത്തരുതെന്നായിരുന്നു പണ്ടേയുള്ള തീരുമാനം. കോവിഡ് രൂക്ഷമായതോടെ ഞാൻ മനസ്സിൽ കണ്ട ആ ചെറിയ ആള്‍ക്കൂട്ടം പോലും ആഡംബരമായി തോന്നി. 

സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുറച്ചാളുകള്‍ക്കെങ്കിലും എന്‍റെ വിവാഹാഘോഷങ്ങൾക്കുള്ള തുക ഉപയോഗപ്പെടുമെന്ന വിശ്വാസത്തിലാണ്​ ആ പണം കോവിഡ്​ രോഗികൾക്കായി മാറ്റിവെച്ചത്​' -വിരാഫ് പട്ടേല്‍ പറയുന്നു.

Post a Comment

0 Comments