Top News

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മാനന്തവാടി: വയനാട് തലപ്പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു. തലപ്പുഴ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ കെ.എസ്. ആനന്ദ് (15), തലപ്പുഴ കമ്പിപാലം നല്ലകണ്ടിവീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍ (15) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

വൈകിട്ട് മൂന്ന് മണിയോടെ 12 കുട്ടികള്‍ ഒരുമിച്ച് പുഴയില്‍ കുളിക്കാനായി എത്തിയിരുന്നു. ഇതില്‍ ആറംഗ സംഘമാണ് ആദ്യം വെളളത്തില്‍ ഇറങ്ങിയത്. ആഴം കുറഞ്ഞ സ്ഥലത്തായിരുന്നു എല്ലാവരും കുളിച്ചിരുന്നതെന്ന് കയത്തില്‍ നിന്ന് ഒരു സഹപാഠിയെ രക്ഷിച്ച ശിവകൃഷ്ണ പറഞ്ഞു. 

ഇതിനിടെയാണ് ആദ്യം ജിത്തുവെന്ന വിദ്യാര്‍ഥി ആഴമുള്ള ഭാഗത്ത് അകപ്പെട്ടത്. ശിവകൃഷ്ണ ഇയാളെ രക്ഷിച്ച് കരക്കെത്തിച്ചതിന് ശേഷമാണ് മറ്റു രണ്ട് പേര്‍ കൂടി മുങ്ങിപോയിട്ടുണ്ടെന്ന കാര്യമറിയുന്നത്. പരമാവധി നോക്കിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് ശിവകൃഷ്ണ പറഞ്ഞു. 

പിന്നീട് നാട്ടുകാരും മാനന്തവാടി ഫയര്‍ഫോഴ്സ് അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post