Top News

കോട്ടിക്കുളത്ത് കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞില്ല; കൊല മദ്യ ലഹരിയിലുള്ള വാക്ക് തർക്കത്തിൽ

ഉദുമ: കോട്ടിക്കുളത്ത് തലക്കടിയേറ്റ് കൊല്ലപ്പെട്ട ആളെ തിരിച്ചറിയാനായില്ല. ഏപ്രിൽ 14 ന് രാത്രി കോട്ടിക്കുളത്ത് കടവരാന്തയിൽ കൊല്ലപ്പെട്ടത് കർണ്ണാടക സ്വദേശിയാണെന്ന് മാത്രമാണിപ്പോൾ പോലീസിന് ലഭിച്ച വിവരം. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന മധ്യവയസ്ക്കന്റെ പേരോ, മേൽവിലാസമോ വ്യക്തമായിട്ടില്ല.[www.malabarflash.com]

വർഷങ്ങളായി പാലക്കുന്നിൽ കട തിണ്ണയിലും, റെയിൽവെ സ്റ്റേഷനിലും കഴിച്ച് കൂട്ടിയിരുന്ന മധ്യവയസ്ക്കൻ പാലക്കുന്ന് ഭാഗത്ത് കൂലിപ്പണി ചെയ്തു വരികയായിരുന്നു. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാൻ കഴിയാത്തത് മൂലം പോസ്റ്റ് മോർട്ടം നടപടികൾ വൈകും. 

കൊല്ലപ്പെട്ട ആളുടെ ബന്ധുക്കളെ കണ്ടെത്താൻ കർണ്ണാടകയിലേക്ക് കൂടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

കൊലപാതകവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസിന്റെ കസ്റ്റഡിയിലുള്ള കോട്ടിക്കുളം സ്വദേശിയായ കാവൽക്കാരൻ ഉമേശനെ (35) അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. ഉമേശൻ പോലീസിനോട് ഇനിയും കൊലപാതകം നടത്തിയതായി സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. 

വിഷു ദിവസം രാത്രി കൊല്ലപ്പെട്ട കർണ്ണാടക സ്വദേശിയും കസ്റ്റഡിയിലുള്ള ഉമേശനും ഒരുമിച്ച് മദ്യപിക്കുകയും , പിന്നീട് മദ്യ ലഹരിയിൽ ഇരുവരും വാക്ക്തർക്കമുണ്ടായതിനെത്തുടർന്ന് ഉമേശൻ, കർണ്ണാടക സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് നിഗമനം.

Post a Comment

Previous Post Next Post