NEWS UPDATE

6/recent/ticker-posts

മയക്കുമരുന്ന്​ കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ നാലാം ഭർത്താവ്​ വെടിവെച്ചുകൊന്നു-സൈന കൊല്ലപ്പെട്ടത്​ എട്ടുമാസം ഗർഭിണിയായിരിക്കെ

ന്യൂഡൽഹി: ഡൽഹിയിലെ മയക്കുമരുന്ന് സംഘത്തിൽപ്പെട്ട യുവതിയെ നാലാം ഭർത്താവ്​ വെടിവെച്ച്​ കൊന്നു. ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ ഏരിയയിൽ ചൊവ്വാഴ്​ച നടന്ന വെടിവെപ്പിൽ എട്ടുമാസം ഗർഭിണിയായ സൈന (29) ആണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിനുശേഷം നാലാം ഭർത്താവായ വസീം പോലീസ്​ സ്​റ്റേഷനിൽ ഹാജരായി കീഴടങ്ങി.[www.malabarflash.com]


മയക്കുമരുന്ന്​ കേസിൽ ജയിലിലായിരുന്ന സൈന കഴിഞ്ഞ ദിവസമാണ്​ ജാമ്യത്തിലിറങ്ങിയത്​. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ സൈനയുടെ താമസസ്ഥലത്ത് എത്തിയ വസീം അവർക്കുനേരേ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച വീട്ടുജോലിക്കാരന് നേരേയും വസീം വെടിവെച്ചു. സൈന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ്​ പറഞ്ഞു. 

സൈനക്ക്​ 12 തവണ വെടിയേറ്റതായാണ്​ വിവരം. ഗുരുതരമായി പരിക്കേറ്റ വീട്ടുജോലിക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പോലീസിന്​ ലഭിച്ചിട്ടുണ്ട്​. വസീം സൈനയെ വെടി​വെക്കുന്നതും തോക്ക്​ റീലോഡ്​ ചെയ്യുന്നതും വീണ്ടും വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്​.

കൊലപാതകത്തിന് ശേഷം രണ്ട് തോക്കുകളുമായി നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിലെത്തി വസീം കീഴടങ്ങി. വസീമിന്​ മുൻ ക്രിമിനൽ പശ്​ചാത്തലമൊന്നുമില്ലെന്ന്​ പോലീസ്​ പറയുന്നു. സൈനയുടെ സഹോദരി രഹ്​നയും വസീമും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ്​ പോലീസ്​ നിഗമനം.

ഒരുവർഷം മുമ്പാണ് സൈനയും വസീമും വിവാഹിതരായത്. സൈനയുടെ നാലാം വിവാഹമായിരുന്നു ഇത്​. ആദ്യ രണ്ട് ഭർത്താക്കന്മാരും ഇവരെ ഉപേക്ഷിച്ച് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്നു. ഡൽഹി-എൻ.സി.ആർ മേഖലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിതരണക്കാരനായ ഷറാഫത്ത് ഷെയ്ഖ്​ ആയിരുന്നു സൈനയുടെ മൂന്നാം ഭർത്താവ്​. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷമാണ് സൈനയും വസീമും വിവാഹിതരായത്.

വിവാഹത്തിന് പിന്നാലെ മയക്കുമരുന്ന് കേസിൽ സൈന അറസ്റ്റിലായി. സൈന ജയിലിൽ കഴിയുമ്പോളാണ്​ സഹോദരി രഹ്​നയുമായി വസീം അടുപ്പത്തിലായത്​. എന്നാൽ, ഇരട്ടകളെ ഗർഭം ധരിച്ച സൈന എട്ടുമാസം തികഞ്ഞപ്പോൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. വസീമും രഹ്​നയും തമ്മിലുള്ള രഹസ്യബന്ധം സൈന അറിഞ്ഞതോടെ ദമ്പതിമാർക്കിടയിൽ വഴക്കുമുണ്ടായി. ഇതോടെ സൈനയെ ഇല്ലാതാക്കി രഹ്​നയുമായുള്ള ബന്ധം തുടരാൻ വസീം തീരുമാനിച്ചതാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്ന്​ പോലീസ്​ പറയുന്നു.

കൊലപാതകത്തിന് പിന്നിൽ രഹ്​നക്കും പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറത്തുവരാതിരിക്കാൻ മറ്റാരെങ്കിലും ആസൂത്രണം ചെയ്ത കൊലപാതകമാണോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. ഡൽഹിയിലെ മയക്കുമരുന്ന് ഇടപാടുകളിൽ സജീവ സാന്നിധ്യമായിരുന്ന സൈനക്ക്​ വിവിധ മാഫിയ തലവന്മാരുമായുള്ള അടുത്ത ബന്ധമാണ്​ ഈ സംശയത്തിന്​ കാരണം.

Post a Comment

0 Comments