Top News

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കടകള്‍ ഒമ്പതുമണി വരെ, ഹോട്ടലുകളില്‍ പകുതി സീറ്റ്, പൊതുപരിപാടികള്‍ക്കും നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൊതുചടങ്ങുകളുടെ സമയം പരമാവധി രണ്ടുമണിക്കൂര്‍ ആക്കി നിജപ്പെടുത്തി. ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.[www.malabarflash.com]


ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. ഹോട്ടലുകളും കടകളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം.

തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ കഴിയൂ. അടച്ചിട്ട മുറികളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. പക്ഷേ, ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. ചൊവ്വാഴ്ച മുതല്‍ നടക്കുന്ന ചടങ്ങുകള്‍ക്കെല്ലാം നിബന്ധന ബാധകമായിരിക്കും.

വിവാഹം ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകള്‍ രണ്ട് മണിക്കൂറേ പാടുള്ളൂ. പൊതുചടങ്ങുകളില്‍ സദ്യ പാടില്ല. ഭക്ഷണം പാഴ്‌സലായി നല്‍കാം.

മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകളും മെഗാ സെയില്‍സും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.

ആശുപത്രികളില്‍ തിരക്കൊഴിവാക്കാന്‍ ഓണ്‍ലൈന്‍ ചികിത്സാ സംവിധാനമായ ഇ സഞ്ജീവനി പ്രോത്സാഹിപ്പിക്കണം. അടിയന്തരമായ ചികിത്സയ്ക്കല്ലാതെ ആശുപത്രികളിലേക്ക് പോവരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധന നടത്താന്‍ പോലീസും ആരോഗ്യ വകുപ്പും കര്‍ശന പരിശോധനകള്‍ നടത്തും. മാസ്‌ക് വെക്കുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കും. നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നതും പരിശോധിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടികളുണ്ടാവും.

ഉന്നത തലയോഗത്തിലെടുത്ത തീരുമാനം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി ഡിഎംഒമാര്‍ക്ക് നല്‍കും. ആഭ്യന്തര-ആരോഗ്യവകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post