NEWS UPDATE

6/recent/ticker-posts

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഒന്നര ലക്ഷം കടന്ന് പ്രതിദിന കണക്ക്, 839 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 839 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.[www.malabarflash.com]

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,33,58,805 ആയി. ആകെ മരണസംഖ്യ 1,69,275. ഇതുവരെ 1,20,81,443 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 11,08,087 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 10,15,95,147 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കോവിഡ് ആശങ്കയ്ക്കിടയിലും രാജ്യത്ത് ഇന്നുമുതല്‍ മാസ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. നാല് ദിവസത്തിനുള്ളില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. 

പലസംസ്ഥാനങ്ങളും വാക്‌സിനേഷന്‍ ആരംഭിച്ചു. അതേസമയം വാക്‌സിന്‍ സ്റ്റോക്ക് സംബന്ധിച്ച് പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചു. 

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഇതിനുള്ള ആലോചനകള്‍ നടന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് അനുകൂല സമീപനമാണ് ഉദ്ധവ് താക്കറെ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനം ഉണ്ടായേക്കും.

Post a Comment

0 Comments