മട്ടാഞ്ചേരി : ആഴക്കടലിൽ മത്സ്യബന്ധന ബോട്ട് തകർന്ന് 11 മത്സ്യത്തൊഴിലാളികളെ കാണാതായി. സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫെറ്റർനിറ്റിയാണ് മുംബൈ മര്ക്കന്റൈല് അധികൃതർക്ക് അന്വേഷണത്തിനായി വിവരങ്ങൾ നൽകിയത്. 23ന് രാത്രിയാണ് മെർസിഡസ് മത്സ്യ ബന്ധന ബോട്ട് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.[www.malabarflash.com]
കന്യാകുമാരി വളവില സ്വദേശി ജോസഫ് ഫ്രാങ്ക്ളിൻറതാണ് ബോട്ട്. വളവില സ്വദേശികളായ ബോട്ടുടമ ജോസഫ് ഫ്രാങ്ക്ളിൻ, ജോൺ ലിബ്രത്തോസ്, സുരേഷ് പീറ്റർ, ജെനീഷ് ജോസഫ്, വിജിഷ് ലൂയീസ്, ജെനിസ്റോൺ ലിബ്രത്തോസ്, സെട്രിക് രാജു, ഫ്രെഡി സിലുവായ്, ജഗൻ ജിറോം, യേശുദാസൻ വെക്കം, മാർബിൻ മുത്തപ്പൻ എന്നിവരെയാണ് കാണാതായത്.
ഏപ്രിൽ ഒമ്പതിന് കന്യാകുമാരി തേങ്ങാപട്ടണം ഹാർബറിൽനിന്ന് പോയ മെർസിഡസ് ബോട്ടിലെ തൊഴിലാളികൾ 23ന് ഉച്ചക്ക് മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നു. 24ന് ഉച്ചക്ക് ആഴക്കടലിൽ തെക്ക് കിഴക്ക് ദിക്കിലായി പെരിയനായകൻ എന്ന ബോട്ട് മെർസിഡസ് ബോട്ടിന്റെ അവശിഷ്ടങ്ങൾ കടലിൽ ഒഴുകി നടന്നത് കണ്ടു.
തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന് പറഞ്ഞതായി ഫിഷർമെൻ കൂട്ടായ്മ സെക്രട്ടറി ഫാദർ ചർച്ചിൽ മുംബൈ അധികൃതർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. രാത്രി ബോട്ട് അപകടത്തിൽപ്പെട്ടെന്നാണ് ഇവർ പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടത്തണമെന്ന് ആൾ ഇന്ത്യാ ഡീപ് സി ഫിഷേഴ്സ് അസാസിയേഷൻ സെക്രട്ടറി എം. മജീദ് ആവശ്യപ്പെട്ടു. അസോസിയേഷന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവർക്ക് പരാതി നൽകി.
തോപ്പുംപടി ഫിഷറീസ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തിയിരുന്ന ബോട്ട് ഇടക്കാലത്ത് കൊച്ചി വിട്ടെങ്കിലും തിരികെ വരുവാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും മജീദ് പറഞ്ഞു. കോസ്റ്റ് ഗാർഡ് തിരച്ചിൽ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments