Top News

ഭാര്യയെ തലക്കടിച്ച്​ ​കൊന്ന്​ മധ്യവയസ്​കൻ തൂങ്ങി മരിച്ചു

കോഴിക്കോട്: അത്തോളിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ തലയ്ക്ക് അടിച്ച് കൊന്നശേഷം ഭർത്താവ്​ തൂങ്ങിമരിച്ചു. എരഞ്ഞിക്കൽ സ്വദേശിനി അത്തോളി കൊടക്കല്ലിലെ ശോഭന(50)യാണ് കൊല്ലപ്പെട്ടത്​. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ ഭർത്താവ്​ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.[www.malabarflash.com]

ബുധനാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ശോഭനയെ മരത്തടി കൊണ്ടാണ് തലയ്ക്കടിച്ചത്. കിടപ്പുമുറിക്കുള്ളിൽ രക്തം വാർന്ന് മരിച്ചു. സംഭവസമയത്ത്​ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും കൃഷ്ണൻ രക്ഷപ്പെട്ടിരുന്നു. 



നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാവിലെ തറവാട് വീടിന് സമീപത്തെ മരത്തിൽ കൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസും നാട്ടുകാരും പറയുന്നു. വടകര റൂറൽ എസ് പിയുടെ നിർദേശപ്രകാരം ഫോറൻസിക്​, വിരലടയാള വിദഗ്​ധർ പരിശോധന നടത്തി. അത്തോളി എസ്.ഐ ബാലചന്ദ്രന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: രമ്യ (കൂത്താളി), ധന്യ (ചേളന്നൂർ). ",

Post a Comment

Previous Post Next Post