NEWS UPDATE

6/recent/ticker-posts

ഹവാല ഇടപാട്; 12 അംഗ സംഘത്തിന് കടുത്ത ശിക്ഷ വിധിച്ച് സൗദി കോടതി, 60 വര്‍ഷത്തിലേറെ തടവും 80 ലക്ഷം റിയാല്‍ പിഴയും

റിയാദ്: സൗദിയിൽ അനധികൃത പണമിടപാട് കേസിൽ പിടിയിലായ പന്ത്രണ്ടംഗ സംഘത്തിന് കോടതി കടുത്ത ശിക്ഷ വിധിച്ചു. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് സംഘത്തിന് കോടതി ശിക്ഷ വിധിച്ചതായി വെളിപ്പെടുത്തിയത്.[www.malabarflash.com]

അറുപതു കോടിയോളം റിയാൽ അനധികൃത മാർഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ച കേസിൽ ഒരു സൗദി വനിതയും സഹോദരനും മറ്റു രണ്ടു സൗദി പൗരന്മാരും എട്ടു വിദേശികളും അടങ്ങിയ സംഘത്തിലെ എല്ലാവർക്കുമായി 60 വർഷത്തിലേറെ തടവും 80 ലക്ഷം റിയാൽ പിഴയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം വിദേശ പ്രതികളെ നാട് കടത്തുകയും ചെയ്യും. 

സംഘം 59.3 കോടി റിയാൽ നിയമ വിരുദ്ധ മാർഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചതായി തെളിഞ്ഞിരുന്നു.
വ്യാജ വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുകയും ഈ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് സാമ്പത്തിക ഇടപാടുകൾ നടത്തുകയുമായിരുന്നു. സൗദിയുടെ പേരിൽ തുടങ്ങിയ അകൗണ്ടുകളുടെ നിയന്ത്രണം വിദേശികൾക്കായിരുന്നു. പണം ശേഖരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികൾ പണം ഡെപ്പോസിറ്റ് ചെയ്യാനും വിദേശങ്ങളിലേക്ക് അയക്കാനും ഈ അക്കൗണ്ടുകൾ ഉപയോഗിച്ചതായും കോടതിക്ക് ബോധ്യമായി. ഇതിലൂടെയാണ് പണം വെളുപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ നടത്തിയത്.

പിഴ, ജയിൽ ശിക്ഷയ്ക്ക് പുറമെ ഹവാല ഇടപാടുകൾക്ക് പ്രതികൾ ഉപയോഗിച്ച അക്കൗണ്ടുകളിൽ കണ്ടെത്തിയ പണവും പ്രതികളുടെ വീടുകളിൽ കണ്ടെത്തിയ 24 ലക്ഷത്തിലേറെ റിയാലും കണ്ടുകെട്ടാനും വിധിയുണ്ട്. ഇവരുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും പ്രതികളിൽ ഒരാളുടെ വീട്ടിൽ കണ്ടെത്തിയ തോക്കും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 

സംഘം വിദേശങ്ങളിലേക്ക് അയച്ച പണം വീണ്ടെടുക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.

Post a Comment

0 Comments