Top News

പാണത്തൂർ ബസ് അപകടം; മരണം ഏഴായി

കാഞ്ഞങ്ങാട്​: പാണത്തൂരിൽ വിവാഹ ബസ് വീടിന്​ മുകളിൽ​ മറിഞ്ഞ്​ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർക്ക് ഗുരുതര പരിക്ക്. കർണ്ണാടക ഈശ്വരമംഗലത്തു നിന്ന്​ വന്ന ബസാണ്​ പാണത്തൂർ പരിയാരത്ത്​ വീടിന്​ മുകളിലേക്ക്​ മറിഞ്ഞത്​.[www.malabarflash.com] 

അർധമൂല സ്വദേശി നാരായണ നായിക്കിന്റെ മകൻ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെൽനാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂർ സ്വദേശിനി സുമതി (50), പുത്തൂർ സ്വദേശി ആദർശ് (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

പാണത്തൂർ- സുള്ള്യ റോഡിൽ പരിയാരത്ത് വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആദർശിന്റെ മൃതദേഹം കാ‍ഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.

സുള്ള്യയിൽ നിന്നും പാണത്തൂർ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിന് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്കാണ് പാഞ്ഞ് കയറിയത്. വീട് ഭാഗികമായി തകർന്നു. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. 12.30 ഓടെയാണ് സംഭവം.

ബസ്സില്‍ 70 ഓളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവർത്തനത്തിൽ എർപ്പെട്ടു.

ബസ്സപകടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പാണത്തൂര്‍ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു

Post a Comment

Previous Post Next Post