Top News

ഔഫ് വധം: മുഖ്യപ്രതി ഇർഷാദ് അറസ്റ്റിൽ, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് അബ്ദുൾ ഔഫ് റഹ്മാൻ്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷത്തെ തുട‍ര്‍ന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. ഔഫിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തതായും കാസര്‍കോട് എസ്.പി ഡി.ശിൽപ അറിയിച്ചു. കേസിൻ്റെ തുടര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി പോലീസ് പറഞ്ഞു.[www.malabarflash.com]


തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രദേശത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് റൗഫ് കൊല്ലപ്പെട്ടതെന്നും കാസര്‍കോട് എസ്.പി പറഞ്ഞു. 

ഇർഷാദിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇർഷാദിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അറസ്റ്റിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

താനാണ് ഔഫിനെ കുത്തിയതെന്ന് ഇര്‍ഷാദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറിയാണ് ഇര്‍ഷാദ്. ഇര്‍ഷാദ  അടക്കം കൊലയാളി സംഘത്തിലെ മൂന്ന് പേരെ നേരത്തെ കൊല്ലപ്പെട്ട റൗഫിൻ്റെ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു. 

മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസൽ എന്നിവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിൽ നാല് പേരുണ്ടെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, ഇർഷാദിനെതിരെ യൂത്ത് ലീഗ് നടപടിയെടുത്തു. സംഘടന കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇർഷാദിനെ സസ്പെൻറ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യമറിയിച്ചത്. 

കൊലപാതകത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും യൂത്ത് ലീ​ഗ് ആവശ്യപ്പെട്ടു. ഇർഷാദിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പാർട്ടിക്ക് ബോധ്യപ്പെട്ടെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംഭവം നിർഭാഗ്യകരമാണെന്നും പി കെ ഫിറോസ് പറഞ്ഞു.


Post a Comment

Previous Post Next Post