NEWS UPDATE

6/recent/ticker-posts

ജീവനുള്ള നായയെ ഓടുന്ന കാറിന്​ പിന്നിൽ കെട്ടിവലിച്ചു; ഉടമ അറസ്​റ്റിൽ

കുന്നുകര: ജീവനുള്ള നായയെ കഴുത്തില്‍ കുരുക്കിട്ട് കാറിന് പിന്നില്‍ കയറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കാറുടമ അറസ്​റ്റിൽ. ചാലാക്ക സ്വദേശി യൂസഫാണ്​ അറസ്​റ്റിലായത്​.[www.malabarflash.com]

 കുന്നുകര പഞ്ചായത്തിലെ ചാലാക്ക -കുത്തിയതോട് റോഡില്‍ വെള്ളിയാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. അതിവേഗം പോവുകയായിരുന്ന കെ.എല്‍.ജെ. 6379 നമ്പര്‍ ടാക്സി കാറിന്റെ പിറകിലായിരുന്നു നായയോടുള്ള ക്രൂരതയുണ്ടായത്.

വഴിയരികില്‍ നിന്ന് സംഭവം കണ്ടവര്‍ ഒച്ചവെക്കുകയും തെരുവ് നായ്ക്കള്‍ കുരച്ച് പിറകിലൂടെ വന്നിട്ടും അതൊന്നും വകവെക്കാതെ ഡ്രൈവര്‍ കാര്‍ ഓടിച്ചുപോവുകയായിരുന്നു. അതിനിടെ കാറിന് പിന്നില്‍ ബൈക്കില്‍ വരുകയായിരുന്ന യുവാവ് സംഭവം കാണാനിടയായി. കാറിന് പിന്നില്‍ കെട്ടിവലിച്ച നായ കുതിരയെപ്പോലെ ഓടുന്നതിനിടെ കാറിന് വേഗതകുടുകയും നായ റോഡില്‍ വീഴുകയായിരുന്നുവത്രെ. കാറിന്റെ ഡിക്കിയില്‍ നിന്ന് നായ അബദ്ധത്തില്‍ വീണതാകുമെന്ന് കരുതി യുവാവ് വേഗത്തില്‍ ബൈക്കോടിച്ച് ഡ്രൈവറുടെ ഒപ്പമത്തെി സംഭവം അറിയിച്ചെങ്കിലും യുവാവിനോട് ഡ്രൈവര്‍ തട്ടിക്കയറുകയായിരുന്നുവത്രെ.

അതോടെ മനപൂര്‍വ്വമാണ് ഡ്രൈവര്‍ കൃത്യം ചെയ്യുന്നതെന്ന് യുവാവിന് മനസ്സിലായി. അതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യം പകര്‍ത്തി യുവാവ് സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. ക്രൂരത ശ്രദ്ധയില്‍പ്പെട്ട മൃഗ സ്നേഹികള്‍ ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ.ജോസിയെ അറിയിക്കുകയും തുടര്‍ന്ന് കാര്‍ ഉടമ കുന്നുകര സ്വദേശി യൂസഫിന്റെ  പേരില്‍ പോലീസ് കേസെടുക്കുകയുമായിരുന്നു.

കടുവാക്കാവ് അമ്പലം മുതല്‍ കണ്ണാക്കല്‍പ്പാലം വരെ അര കിലോമീറ്ററോളം ദുരം വലിച്ചിഴച്ചപ്പോഴേക്കും സംഭവം പന്തികേടാണെന്ന് മനസ്സിലാക്കി നായയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണറിയുന്നത്. നായക്ക് ജീവഹാനി സംഭവിച്ചിട്ടില്ല. സന്ധ്യയോടെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ നായയെ അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്‍റ് കൃഷ്ണന്റെ നേതൃത്വത്തില്‍ പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികത്സക്കായി കൊണ്ടുപോയി​.

സംഭവത്തില്‍ അനിമല്‍ വെല്‍ഫെയറും കേസെടുത്തിട്ടുണ്ട്. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ കാര്‍ ഓടിച്ചത് ആരാണെന്നോ, നായയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ കാരണമെന്താണെന്നോ വ്യക്തമായിട്ടില്ളെന്ന് പോലീസ് പറഞ്ഞു. യൂസഫിനെ വിളിച്ചുവരുത്തി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ വിവരം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കുന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം സെക്ഷന്‍ 11എ, ബി പ്രകാരവും, ഐ.പി.സി 428 പ്രകാരവുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Post a Comment

0 Comments