NEWS UPDATE

6/recent/ticker-posts

പെണ്‍കെണിയില്‍നിന്ന് പ്രമുഖ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: നഗരത്തെ ഞെട്ടിച്ച പെണ്‍കെണിയില്‍നിന്ന് പ്രമുഖ രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.[www.malabarflash.com]

ചിങ്ങവനം സ്വദേശിയായ സ്വര്‍ണ വ്യാപാരിയില്‍ നിന്നു പെണ്‍കെണിയിലൂടെ 2 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ സംഘത്തിലെ പ്രധാനി കണ്ണൂര്‍ സ്വദേശി നൗഷാദ് (41) കോട്ടയം നഗരത്തിലെ ചില പ്രമുഖരെ കുടുക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍മല്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കുഴല്‍പ്പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നൗഷാദ്. ഹവാലാ പണത്തില്‍നിന്നുള്ള വരുമാനം നഷ്ടപ്പെട്ടതോടെ വരുമാന മാര്‍ഗം കണ്ടെത്താന്‍ വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെത്തിയത്. സ്വര്‍ണവ്യാപാരിക്കു പിന്നാലെ മറ്റൊരു സ്വര്‍ണ വ്യാപാരിയെയും രാഷ്ട്രീയ നേതാവിനെയും ഇത്തരത്തില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മൂന്നാംക്ലാസ് മാത്രമുള്ള വിദ്യാഭ്യാസമുള്ള നൗഷാദ് ആയിരുന്നു സംഘത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍. ഇയാള്‍ക്കു മൂന്നു ഭാര്യമാരുണ്ട്. മൂന്നാം ഭാര്യ കാസര്‍കോട് സ്വദേശി ഫസീല (34), കാസര്‍കോട് സ്വദേശി അന്‍സാര്‍ (23), തൃക്കരിപ്പൂര്‍ പടന്ന സ്വദേശി സുമ (30) എന്നിവര്‍ക്കൊപ്പം കര്‍ണാടകയില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇവരുടെ സംഘത്തില്‍പെട്ട മുടിയൂര്‍ക്കര നന്ദനം പ്രവീണ്‍ കുമാര്‍ (സുനാമി- 34), മലപ്പുറം എടപ്പന തോരക്കാട്ടില്‍ മുഹമ്മദ് ഹാനീഷ് (24) എന്നിവര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 29 നാണ് പഴയ സ്വര്‍ണം വാങ്ങി വില്‍പന നടത്തുന്ന വ്യാപാരിയായ ചിങ്ങവനം സ്വദേശിയുടെ ഫോണിലേക്ക് സ്വര്‍ണം വില്‍ക്കാനുണ്ടെന്നു പറഞ്ഞ് ഒരു സ്ത്രീ വിളിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ കോട്ടയം കലക്ടറേറ്റിനു സമീപത്തെ അപ്പാര്‍ട്‌മെന്റില്‍ വരുമെന്നും അവിടെ വച്ചു സ്വര്‍ണം കൈമാറാമെന്നും ഇവര്‍ വ്യാപാരിയെ അറിയിച്ചു. ഇതനുസരിച്ച് എത്തിയ വ്യാപാരിയെ അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നവര്‍ മര്‍ദിച്ചു. ഷര്‍ട്ട് അഴിച്ചു മാറ്റി ശേഷം സ്ത്രീയുടെ ഒപ്പം ഇരുത്തി ഫോട്ടോ എടുത്തു.

ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ ആറു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. നഗരത്തിലെ ക്രിമിനല്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ട ഒരാളെ സംഘം വിളിച്ചു വരുത്തുകയും ഇയാളുടെ മധ്യസ്ഥതയില്‍ രണ്ട് ലക്ഷം രൂപയ്ക്കു പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നും ധാരണയായി. ചീട്ടുകളിയുമായി ബന്ധപ്പെട്ട് പരിചയമുള്ള രണ്ടു സുഹൃത്തുക്കളെ വ്യാപാരി വിളിച്ചു വരുത്തുകയും ഇവര്‍ രണ്ടു ലക്ഷം രൂപ സംഘത്തിനു കൈമാറുകയും ചെയ്തു.

ഇതോടെ വ്യാപാരിയെ വിട്ടയച്ചെങ്കിലും സംഘം വീണ്ടും പണം ആവശ്യപ്പെടുമെന്ന ഭീതിയില്‍ വ്യാപാരി പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 

പരാതി നല്‍കി രണ്ടു മണിക്കൂറിനകം സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. ഇടനിലക്കാര്‍ വാസ്തവത്തില്‍ പണം പെണ്‍കെണി സംഘത്തിനു കൈമാറിയതായി അഭിനയിച്ചതാണെന്നു ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കെണി സംഘവും ഇടനിലക്കാരും ഒരു സംഘത്തിലെ അംഗങ്ങളായിരുന്നു. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇവരുടെ പ്രവര്‍ത്തനം. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നൗഷാദും സംഘവും പിടിയിലായത്.

ഹവാലപണവും നികുതി വെട്ടിച്ചു കടത്തുന്ന വന്‍ തുകകളും നിരീക്ഷിച്ചു അവ കൊണ്ടു പോകുന്ന വാഹനങ്ങള്‍ ആക്രമിച്ചു പണം തട്ടുന്നതാണ് നൗഷാദിന്റെ രീതി. അന്വേഷണ സംഘം പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ നൗഷാദ് തല മുണ്ഡനം ചെയ്തു രൂപമാറ്റം വരുത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പി ആര്‍.ശ്രീകുമാര്‍, കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍മല്‍ ബോസ്, എസ്‌ഐ രഞ്ജിത്ത് വിശ്വനാഥന്‍, ഡിവൈഎസ്പി ഓഫിസിലെ അസിസ്റ്റന്റ് എസ്‌ഐ കെ.ആര്‍.അരുണ്‍കുമാര്‍, എസ്‌ഐ ഷിബുക്കുട്ടന്‍, സൈബര്‍സെല്ലിലെ വി.എസ്.മനോജ് കുമാര്‍ എന്നിവരാണു പ്രതികളെ പിടികൂടിയത്.

തട്ടിപ്പിന് ഒത്താശ ചെയ്ത ജില്ലയിലെ ഗുണ്ടയെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കു പോലീസില്‍നിന്നു തന്നെ സഹായം ലഭിച്ചിരുന്നു. കേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്ത ജില്ലയിലെ ഗുണ്ടാത്തലവന് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിനു കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ 2 എഎസ്‌ഐരെ സ്ഥലംമാറ്റി. ഇതില്‍ ഒരാള്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരമടക്കം ഒട്ടേറെ സര്‍വീസ് മെഡലുകള്‍ നേടിയിട്ടുണ്ട്. മേലുകാവ്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലേക്കാണു മാറ്റം.

Post a Comment

0 Comments